കാസര്‍കോട് (www.evisionnews.in): ദുബൈയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി മലയാളികള്‍ക്ക് നല്‍കിയത് പ്രഖ്യാപനങ്ങളുടെ പെരുമഴ. ദുബൈയിലെ മീഡിയ സിറ്റിയില്‍ ഒരുക്കിയ സ്വീകരണയോഗത്തിലെത്തിയ മുഖ്യമന്ത്രിയാണ് ആയിരങ്ങളെ സാക്ഷിയാക്കി വാഗ്ദാനങ്ങുടെ പെരുമ്പറ കൊട്ടിയത്. യു.എ.ഇയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുമെത്തിയ പ്രവാസികള്‍ മുദ്രാവാക്യം വിളിയോടെ മുഖ്യമന്ത്രിയെ സ്വീകരിച്ചു. രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ നിന്ന് പ്രത്യേകം ബസുകളിലായിട്ടായിരുന്നു ആളുകള്‍ എത്തിയത്.
ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടിവരുന്ന പ്രവാസികള്‍ക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്നും മറ്റൊരുജോലി കണ്ടെത്തുംവരെ ആശ്വാസം എന്ന നിലക്കാണ് ആറുമാസത്തെ ശമ്പളം നല്‍കുകയെന്നും മുഖ്യമന്ത്രി കരഘോഷങ്ങള്‍ക്കിടയില്‍ പറഞ്ഞുപോയി. പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍ തുടങ്ങും. ഗള്‍ഫില്‍ മരണമടയുന്ന നിര്‍ധനരായ പ്രവാസികളുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേസുകളില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷക പാനല്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒന്നേകാല്‍ മണിക്കൂറോളം നീണ്ട പ്രസംഗം പ്രവാസികളെക്കുറിച്ചു മാത്രമായിരുന്നു. കേരളത്തില്‍ പ്രവാസികളുണ്ടാക്കിയ വളര്‍ച്ചയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമെല്ലാം പിണറായി പറഞ്ഞു.

Post a Comment
0 Comments