Type Here to Get Search Results !

Bottom Ad

ഹക്കീം കുന്നിലിനെതിരെ കോണ്‍ഗ്രസില്‍ പെരിയ കേന്ദ്രമാക്കി പടയൊരുക്കം: മൃദുഹിന്ദുത്വവാദികളും തലപൊക്കുന്നു


കാസര്‍കോട് (www.evisionnews.in): പ്രതീക്ഷിച്ചത് പോലെ കോണ്‍ഗ്രസിന്റെ കൂടെപ്പിറപ്പായ ഗ്രൂപ്പ് കലഹത്തിന്റെ കുന്തമുന നിയുക്ത കാസര്‍കോട് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിനെതിരെ തിരിയുന്നു. പെരിയ കേന്ദ്രമാക്കിയാണ് ഹക്കീമിനെതിരെ പടയൊരുക്കം തുടങ്ങിയത്. അതിനിടെ പി.എ അഷ്‌റഫലിയെ പ്രസിഡണ്ടാക്കുന്നത് എന്തുവിധേനെയും തടയുമെന്ന് പരസ്യമായും രഹസ്യമായും പറഞ്ഞ കോണ്‍ഗ്രസിനുള്ളിലെ മൃദുഹിന്ദുത്വവാദികളും ഹക്കീമിനെതിരെ തിരിഞ്ഞതായാണ് പുറത്തുവരുന്ന വിവരം.

ഹക്കീമിനെ ഡിസിസി പ്രസിഡണ്ടായി അവരോധിച്ചതോടെ ജില്ലയിലെ കോണ്‍ഗ്രസ് മുസ്ലിം ലീഗിന്റെ ബി ടീമാണെന്ന ആരോപണം അരക്കിട്ടുറപ്പിച്ചതായും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. കെപിസിസി സെക്രട്ടറിമാരില്‍ ഒരാളായ കെ നീലകണ്ഠന്‍ പ്രസിഡണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസിലെ ഭൂരിഭാഗവും ജില്ലയിലെ ഇതര രാഷ്ട്രീയ നേതൃത്വവും കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ഹൈക്കമാന്റില്‍ നിന്ന് ഹക്കീമിനെ പ്രസിഡണ്ടാക്കി പ്രഖ്യാപനമുണ്ടായത്. 

അതിനിടെയിലാണ് പെരിയ കേന്ദ്രമാക്കി ഹക്കീമിനെതിരെ എതിര്‍പ്പുകള്‍ പുറത്തുവരുന്നത്. ഈ കൂട്ടായ്മയില്‍ മുതിര്‍ന്ന നേതാവ് പി ഗംഗാധരന്‍ നായരും ഉദുമ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരിപ്പിക്കപ്പെട്ട ബാലകൃഷ്ണനും ഗോവിന്ദന്‍ നായരും ഉണ്ടെന്നാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍. ശനിയാഴ്ച തന്നെ ഇവരുടെ നേതൃത്വത്തില്‍ പ്രത്യേകയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് നീക്കങ്ങള്‍. 

ജില്ലയില്‍ കോണ്‍ഗ്രസ് ഉപ്പുവെച്ച കലംപോലെ എന്ന പരുവത്തിലാണിപ്പോള്‍. പാര്‍ട്ടിയുടെ വളര്‍ച്ച പടവലങ്ങ പോലെ കീഴോട്ടാണ്. തദ്ദേശഭരണത്തിലും നിയമസഭയിലും ജില്ലയില്‍ നിന്ന് കോണ്‍ഗ്രസിന് എടുത്തുപറയാനൊന്നുമില്ല. കോണ്‍ഗ്രസ് അംഗമില്ലാത്ത സംസ്ഥാനത്തെ ഏക മുനിസിപ്പാലിറ്റി ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടേതാണ്. കാസര്‍കോട്ട് നഗരത്തിലാണെങ്കില്‍ സിപിഎമ്മിനെക്കാളും പിന്നിലാണ് കോണ്‍ഗ്രസ്. കാഞ്ഞങ്ങാട് നഗരസഭയിലും നീലേശ്വരത്തും അനുദിനം കോണ്‍ഗ്രസിന് പിടിവള്ളി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ദുരന്തം നേരിടാന്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു ദുരന്തനിവാരണ സേനയെതന്നെ ഹക്കീമിന് സജ്ജമാക്കേണ്ടിവരും. ഹക്കീമിന് ഇതാകുമോ എന്നാണ് പരക്കെ ഉയരുന്ന ചോദ്യം.

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളാണെങ്കില്‍ അതിശക്തമായ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും പൊതുസമൂഹത്തില്‍ ആവശ്യമുയരുന്നുണ്ട്. ഇരുതാലൂക്കുകളിലും ശോഷിച്ചുവരുന്ന ഇടതു -കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ദൗര്‍ബല്യം മുതലെടുത്താണ് വര്‍ഗീയകാലുഷ്യം പടരുന്നത്. ഇതിനെതിരെ ഫലപ്രദമായ കടുത്ത നിലപാടെന്ന ദൗത്യമേറ്റെടുക്കാന്‍ ഹക്കീം കുന്നിലിന് കഴിയണമെന്നും വിലയിരുത്തുന്നവരുണ്ട്.

യൂത്ത് കോണ്‍ഗ്രസും കെഎസ്.യുവും ജില്ലയില്‍ ഓക്‌സിജനുവേണ്ടി പരക്കം പായുകയാണ്. മുതിര്‍ന്ന നേതാക്കളായ ഗംഗാധരന്‍ നായരും സികെ ശ്രീധരനും കെപി കുഞ്ഞിക്കണ്ണനും അഷ്‌റഫലിയുമൊക്കെ ഹക്കീമിന്റെ വരവില്‍ സംതൃപ്തരുമല്ല. ഇത്തരമൊരവസ്ഥയില്‍ പാര്‍ട്ടിയുടെ ത്രിവര്‍ണപതാകയുമേന്തി ഹക്കീമിന് പാര്‍ട്ടിയെ ജില്ലയില്‍ പ്രബലമാക്കാനാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

അതിനിടെ ഹക്കീം കുന്നിലിനെ ഡിസിസി പ്രസിഡണ്ടായി അവരോധിച്ചത് ഹൈക്കമാന്റ് നേരിട്ടാണെന്നും ഈ നോമിനേഷനില്‍ കേരള നേതൃത്വത്തിന് അവകാശപ്പെടാന്‍ ഒന്നുമില്ലെന്നും മലയാളത്തിലെ ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വി.എം സുധീരനോടും ഡി.സി.സി. പ്രസിഡന്റുമാരാകാന്‍ യോഗ്യതയുളളവരുടെ പേര് വിവരം എഴുതി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഒഴികെയുള്ളവര്‍ ഇവര്‍ നല്‍കിയ പട്ടികയില്‍ നിന്നുളളവരാണ്. കാസര്‍കോട്ടെ പ്രസിഡന്റ് ഹൈക്കമാന്‍ഡിന്റെ നേരിട്ടുളള നോമിനിയാണെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയത്തുനിന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.


Keywords: kasaragod-congress-leadership-hakkeemkunnil-dcc-president

Post a Comment

0 Comments

Top Post Ad

Below Post Ad