Type Here to Get Search Results !

Bottom Ad

മതവിദ്വേഷ പ്രസംഗം; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശികല ടീച്ചര്‍ ഹൈക്കോടതിയില്‍


കൊച്ചി (www.evisionnews.in): മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് നേതാവും വിവാദ പ്രാസംഗികയുമായ കെ.പി ശശികല ടീച്ചര്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് നിലനില്‍ക്കുന്നതല്ലെന്ന വാദമുയര്‍ത്തിയാണ്് ശശികല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസ് പരിഗണിച്ച കോടതി സര്‍ക്കാരിന് ഇക്കാര്യത്തിലുളള നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ പ്രകാരമായിരുന്നു ശശികലയുടെ പ്രസംഗത്തിനെതിരെ കേസെടുത്തത്.

കാഞ്ഞങ്ങാട്ടെ അഡ്വ.സി ഷൂക്കൂര്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലായിരുന്നു കേസ്. പരാതിക്കൊപ്പം ശശികലയുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോകളും യുട്യൂബ് ലിങ്കുകളും പരാതിക്കൊപ്പം നല്‍കിയിരുന്നു. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചുനില്‍ക്കുന്നതായും ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിക്കുകയില്ലെന്നും നേരത്തെ ശശികല വ്യക്തമാക്കിയിരുന്നു. കേസ് തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ തുടര്‍ച്ചയായി പൊതുവേദികളില്‍ പ്രസംഗം നടത്തിയെന്നും കാണിച്ചാണ് സി.ഷുക്കൂര്‍ ശശികലയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നത്. മതവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുകയും മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും ശത്രുതാ മനോഭാവവും ഉണ്ടാക്കുന്നതാണ് ശശികലയുടെ പ്രസംഗങ്ങളെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രഭാഷണം നടത്തുന്ന ശശികലയുടെ നിരവധി പ്രസംഗങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സാധാരണക്കാരായ ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിക്കുയും ശത്രുതാമനോഭാവം വളര്‍ത്തി പരസ്പരം അകറ്റുകയെന്ന ഉദ്ദേശ്യത്തോടെയുമാണ് ഈ പ്രസംഗങ്ങളെന്നും പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. ഓരോ പ്രസംഗങ്ങളുടേയും വരികളും വരികള്‍ക്കിടയിലെ അര്‍ത്ഥങ്ങളും സൗഹാര്‍ദത്തോടെ ഒത്തൊരുമിച്ച് ജീവിക്കുന്ന കേരളീയ മനസുകളെ പരസ്പരം അകറ്റുന്നതിനും ശത്രുക്കളാക്കുവാനും ഉദ്ദേശിച്ചിട്ടുള്ളതാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.



keywords:kerala-kochi-shashikala-case


Post a Comment

0 Comments

Top Post Ad

Below Post Ad