തിരുവനന്തപുരം (www.evisionnews.in): സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഐഎംജിയില്‍ തന്നെ ഓഫീസ് പ്രവര്‍ത്തന സജ്ജമാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയത്. തന്റെ ആവശ്യം തള്ളിയ സര്‍ക്കാര്‍ നടപടിയ്ക്കെതിരെ സിപിഎം കേന്ദ്രനേതൃത്വത്തിന് വിഎസ് പരാതി നല്‍കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിഎസ് അതൃപ്തി അറിയിക്കുമെന്നും സൂചനയുണ്ട്.
ചുമതലയേറ്റെടുത്തപ്പോള്‍ തന്നെ സെക്രട്ടേറിയറ്റ് അനക്സില്‍ തന്നെ ഓഫീസ് അനുവദിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐഎംജിയില്‍ ഓഫീസ് അനുവദിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് ഭരണപരിഷ്‌കാര കമ്മീഷന്റെ ആദ്യയോഗം വിഎസ് അച്യുതാനന്ദന്‍ തന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ വെച്ച് ചേരുകയായിരുന്നു. ഇതിന് പിന്നാലെ എംഎല്‍എ ഹോസ്റ്റലിലെ മുറി ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫീസായും ഉപയോഗിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ എംഎല്‍എ ഹോസ്റ്റല്‍ ഒഴിയാന്‍ വിഎസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എംഎല്‍എ ഹോസ്റ്റല്‍ ഒഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ സെക്രട്ടേറിയറ്റ് അനക്സില്‍ കമ്മീഷന് ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് വീണ്ടും കത്തു നല്‍കുകയായിരുന്നു.
ഈ കത്ത് സമര്‍പ്പിച്ചപ്പോഴാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് ഐഎംജിയില്‍ തന്നെ അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയത്. എത്രയും പെട്ടെന്ന് ഓഫീസ് സജ്ജമാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Post a Comment
0 Comments