Type Here to Get Search Results !

Bottom Ad

യോഗ പ്രചരിപ്പിക്കുന്നതില്‍ തെറ്റില്ല, പക്ഷെ അടിച്ചേല്‍പ്പിക്കാന്‍ അവകാശമില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി (www.evisionnews.in): യോഗാഭ്യാസം പ്രചരിപ്പിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ആരിലും അടിച്ചേല്‍പിക്കാനാവില്ലെന്ന് സുപ്രീംകോടതി. അത് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന അശ്വനി ഉപാധ്യായയുടെ പൊതു താല്‍പര്യ ഹര്‍ജി നിരസിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എല്‍.എന്‍ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

എന്താണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് ഒഴിവാക്കേണ്ടത് എന്ന കാര്യം അതത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. യോഗ ആര്‍ക്കു വേണമെങ്കിലും ആരുടെ അടുത്തും പ്രചരിപ്പിക്കാം. എന്നാല്‍, എന്തു സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണ്, കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കാതിരുന്ന കോടതി ഈ മാസം 29ന് പരിഗണനയ്ക്കുവരുന്ന സമാനമായ കേസില്‍ കക്ഷിചേരാന്‍ ഹര്‍ജിക്കാരിക്ക് അനുമതി നല്‍കുകയും ചെയ്തു.

രസകരമായ അഭിപ്രായങ്ങളാണ് കേസ് പരിഗണിക്കുമ്പോള്‍ ഉയര്‍ന്നുവന്നത്. ഇന്നത്തെ കാലത്ത് മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തില്‍ യോഗ ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു അശ്വനി ഉപാധ്യായയുടെ അഭിഭാഷകന്‍ കൃഷ്ണമണിയോടുള്ള ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഏതെങ്കിലും ഒരു യോഗാസനത്തിന്റെ പേരു പറയാന്‍ പറഞ്ഞപ്പോള്‍ പ്രാണായാമം എന്ന് അഭിഭാഷകന്‍ മറുപടി നല്‍കിയെങ്കിലും കോടതിക്ക് തൃപ്തിയായില്ല. യോഗ ചെയ്തു കഴിയുമ്പോള്‍ അവസാനിപ്പിക്കുന്ന ആസനമേതാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ അടുത്ത ചോദ്യം. കൃഷ്ണമണിക്ക് ഉത്തരം നല്‍കാനായില്ല. അവസാനത്തേത് ശവാസനമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞുകൊടുത്തു. യോഗയെക്കുറിച്ചു കാര്യമായ ധാരണയില്ലാതെയാണ് കേസ് ഏറ്റെടുത്തതെന്ന് അഭിഭാഷകനെ ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad