തൃക്കരിപ്പൂര്‍ (www.evisionnews.in): കവ്വായി കായലിലെ ജല ഗതാഗത മെച്ചപ്പെടുത്താനുള്ള നടപടികള്‍ അവതാളത്തില്‍. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടും നീറ്റിലിറങ്ങാത്തത് ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. എസ് 48, എസ് 37 എന്നീ ബോട്ടുകള്‍ റിപ്പേര്‍ ചെയ്യാന്‍ നിര്‍ദേശിച്ചതനുസരിച്ച് മൂന്നാഴ്ചകള്‍ക്കു മുമ്പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇവ നീറ്റിലിറക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് ലഭിച്ചത്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നല്‍കിയ വാഗ്ദാനം ഉദ്യോഗസ്ഥര്‍ പരസ്യമായി അട്ടിമറിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. അധികൃതരുടെ മാത്രം അലംഭാവത്തില്‍ നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പു കുത്തിയ ബോട്ട് സര്‍വീസ് ഓര്‍മയിലേക്കു തള്ളാനുള്ള നീക്കത്തിന്റെ തുടര്‍ച്ചയാണിത്.
നമ്പര്‍ ബോര്‍ഡില്ലെന്ന നി,ാര കാരണങ്ങളൊക്കെയാണു ബോട്ട് കട്ടപ്പുറത്തിരുത്തുന്നതിനു പിന്നില്‍. കരയിലെത്താന്‍ കടുത്ത യാതന നേരിട്ടിരുന്ന വലിയപറമ്പ് ദ്വീപിലെ ആയിരക്കണക്കായ ജനങ്ങളുടെ യാത്രാ സൗകര്യം മുന്‍നിര്‍ത്തിയാണു ബോട്ടുകള്‍ ഓടിത്തുടങ്ങിയത്. മച്ചപ്പെട്ട തുടക്കമായിരുന്നു. പക്ഷേ, ഈ നാട്ടുകാരല്ലാത്ത ജീവനക്കാര്‍ അവരവരുടെ നാടുകളിലേക്ക് തിരിച്ചെത്താനുള്ള ശ്രമം തുടങ്ങിയത് സര്‍വീസിനെ നഷ്ടത്തിലേക്കു കൈപിടിച്ചും നിസ്സാരമായ കേടുപാടുകള്‍ പരിഹരിക്കുന്നതിനു പകരം ബോട്ടുകളെ കരയ്ക്കു കയറ്റിയുമാണ്. ഈ സാഹചര്യത്തിലാണ് കൊറ്റിയില്‍ നിന്ന് ആയിറ്റിയിലേക്ക് മേഖലാ കാര്യാലയം പറിച്ചു നട്ടു കാര്യക്ഷമമാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇവിടെയും പ്രതിബന്ധങ്ങളുണ്ടായി. ഏറ്റവും ഒടുവില്‍ ഒരു ബോട്ട് മാത്രം വഴിപാട് പോലെ ഓടിത്തീര്‍ക്കുകയാണിപ്പോള്‍. സര്‍വീസ് കാര്യക്ഷമമാക്കിയാല്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ബോട്ട് സര്‍വീസിനെ ആശ്രയിക്കും.
ടൂറിസം രംഗത്ത് സമീപകാലത്ത് വലിയപറമ്പ് കൈവരിച്ച പുരോഗതി കണ്ടറിഞ്ഞു വിദേശികള്‍ ഉള്‍പ്പെടെ അനേകം വിനോദ സഞ്ചാരികള്‍ വന്നെത്തുന്നുണ്ട്. കായല്‍ ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള കവ്വായി കായലില്‍ ബോട്ട് സര്‍വീസ് പച്ചപിടിക്കാന്‍ ടൂറിസം മേഖലയും ഒപ്പം സ്‌പെഷല്‍ സര്‍വീസിന് ബോട്ടുകള്‍ വിട്ടുകൊടുക്കുന്ന പദ്ധതിയും മാത്രം മതി. പക്ഷേ, ഇങ്ങനെയൊരു ആഗ്രഹം സഫലീകരിക്കുമോ എന്ന സംശയം ബാക്കി നില്‍ക്കുന്നുണ്ട്.

Post a Comment
0 Comments