കാസര്‍കോട് (www.evisionnews.in): കലക്ടറേറ്റില്‍ വിവിധ സെക്ഷനുകളിലായി തീര്‍പ്പാകാതെ കിടക്കുന്നത് 39,515 ഫയലുകള്‍. നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചതാണിത്.
എ മുതല്‍ വൈ വരെയുള്ള 17 സെക്ഷനുകളിലാണ് ഇത്തരം ഫയലുകള്‍ നിലവിലുള്ളത്. ഇതില്‍ 6,434 ഫയലുകള്‍ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ടതും 862 ഫയലുകള്‍ ഭൂമിയുമായി ബന്ധപ്പെട്ടതും 432 ഫയലുകള്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടതുമാണ്. കോടതി കേസുമായി ബന്ധപ്പെട്ട 1265 ഫയലുകളും ധനകാര്യം, റിവര്‍ മാനേജ്മെന്റ്, ഭാഷാന്യൂനപക്ഷം, ഗണ്‍ലൈസന്‍സ്, ജീവനക്കാര്യം, ഇന്‍സ്‌പെക്ഷന്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, വികസന പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളില്‍ 9325 ഫയലുകളും തീര്‍പ്പാകാതെ കിടക്കുന്നു.
ഇങ്ങനെ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളില്‍ ഫയല്‍ വര്‍ക്ക്‌ഷോപ്പ് നടത്തി പരമാവധി ഫയലുകള്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്തിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. അത്തരം ഫയലുകളില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ക്കു തന്നെ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നതാണെന്നും സേവനാവകാശത്തിന്റെ പരിധിയില്‍ വരുന്ന സേവനങ്ങള്‍ വൈകിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

Post a Comment
0 Comments