തിരുവനന്തപുരം (www.evisionnews.in): കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന 4,200 ശിക്ഷാ തടവുകാരില്‍ 2,262 പേര്‍ക്ക് ശിക്ഷയിളവ് നല്‍കാമെന്ന് ചൂണ്ടിക്കാട്ടി ജയില്‍ മേധാവി എ.ഡി.ജി.പി അനില്‍കാന്ത് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സൂക്ഷ്മ പരിശോധനക്ക് ഈ പട്ടിക മുഖ്യമന്ത്രി മൂന്നംഗസമിതിക്ക് കൈമാറി.
സംസ്ഥാനത്ത് വിവിധ ജയിലുകളിലായി 7500-ഓളം തടവുകാരാണുള്ളത്. ഇതില്‍ 4200 പേരാണ് ശിക്ഷാ തടവുകാര്‍. ശേഷിക്കുന്നവര്‍ വിചാരണ തടവുകാരും. ഇതിനായി തടവുകാരുടെ പട്ടിക തയ്യാറാക്കിയെങ്കിലും ജയില്‍മേധാവിയുടെ ശുപാര്‍ശയില്‍ അന്തിമതീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയാണ്.
ആഭ്യന്തര അഡീഷനല്‍ സെക്രട്ടറി ഷീലാറാണി, നിയമ വകുപ്പ് ജോയന്റ് സെക്രട്ടറി പി. സുരേഷ്‌കുമാര്‍, ജയില്‍ വകുപ്പ് ദക്ഷിണമേഖല ഡി.ഐ.ജി ബി. പ്രദീപ് എന്നിവരടങ്ങുന്നതാണ് സമിതി. വാടകക്കൊലയാളികള്‍, വര്‍ഗീയ കലാപക്കേസുകളിലെ പ്രതികള്‍, കള്ളക്കടത്തുകാര്‍, ജയില്‍ ഉദ്യോഗസ്ഥരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരെ കൊലപ്പെടുത്തിയവര്‍, സ്ത്രീകളെയോ കുട്ടികളെയോ ലൈംഗികപീഡനത്തിന് ഇരയാക്കിയവര്‍, മുതിര്‍ന്ന പൗരന്മാരെ ആക്രമിച്ചവര്‍, വിദേശികള്‍, സംസ്ഥാനത്തിനു പുറത്തുള്ള കോടതികള്‍ ശിക്ഷിച്ചവര്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതാണ് സമിതി പരിശോധിക്കുക.

Post a Comment
0 Comments