പാലക്കാട് (www.evisionnews.in): മുസ്ലിം ഭൂരിപക്ഷമുള്ള വല്ലപ്പുഴ പ്രദേശത്തെ പാക്കിസ്ഥാനോട് ഉപമിച്ച സംഭവത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി ശശികലക്കെതിരായ പ്രതിഷേധ സമരം ഒത്തുതീര്‍പ്പായി. വിഷയം വഷളായതിനെ തുടര്‍ന്ന് വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നാട്ടുകാര്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ശശികല തയാറായതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
താന്‍ മുസ്ലിം വിരുദ്ധയല്ലെന്നും മുസ്ലിംങ്ങള്‍ നല്ലവരാണെന്നും വല്ലപ്പുഴ പാക്കിസ്ഥനാണെന്നു പറഞ്ഞത് നല്ല അര്‍ത്ഥത്തിലാണെന്നും അവര്‍ വിശദീകരണത്തില്‍ പറഞ്ഞു. ശശികലയുടെ വിശദീകരണം സ്വീകാര്യമായതിനാലാണ് സമരം നിര്‍ത്തുന്നതെന്ന് ജനകീയ പ്രതികരണ വേദിയും വ്യക്തമാക്കി.
സംഭവത്തില്‍ പ്രതിഷേധിച്ച് ശശികല അധ്യാപികയായ വല്ലപ്പുഴ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ക്ലാസ് ബഹിഷ്‌കരിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂള്‍ അടച്ചിടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധം അവസാനിച്ച സാഹചര്യത്തില്‍ അടുത്ത ദിവസം മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കും.
രാവിലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയകക്ഷികളും കെ.പി ശശികല പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന കടുത്ത നിലപാടു സ്വീകരിക്കുകയായിരുന്നു. മാപ്പു പറയുന്നതു വരെ നിര്‍ബന്ധിത അവധിയില്‍ വിടണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം, ശശികലക്കെതിരെ നടക്കുന്നത് രാഷട്രീയ പകപോക്കലാണെന്ന് ബി.ജെ.പി പ്രതിനിധികള്‍ ആരോപിച്ചു.

Post a Comment
0 Comments