Type Here to Get Search Results !

Bottom Ad

മജിസ്‌ട്രേറ്റിന്റെ ആത്മഹത്യ: ജുഡീഷ്യല്‍ അന്വേഷണം നടത്തണം, മൃതദേഹത്തോട് അനാദരവ് കാട്ടി: ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത പുറത്തുകൊണ്ടുവരാനും ആത്മഹത്യയിലേക്ക് നയിച്ച വികാരത്തിന് പ്രേരിപ്പിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ജനാധിപത്യ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണന്റെ മൃതദേഹത്തോട് പോലീസും സഹപ്രവര്‍ത്തകരും അനാദരവ് കാട്ടിയതായും നേതാക്കള്‍ കുറ്റപ്പെടുത്തി. സുള്ള്യ പോലീസ് സ്‌റ്റേഷനില്‍ ഉണ്ണികൃഷ്ണന് നേര്‍ക്ക് മൂന്നാം മുറ പ്രയോഗിച്ച കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ജോലിയില്‍ തികഞ്ഞ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും പ്രകടിപ്പിച്ച ന്യായാധിപനായിരുന്നു ഉണ്ണികൃഷ്ണന്‍. നവംബര്‍ ആറിന് സുള്ള്യയില്‍ നടന്ന സംഭവം ഉണ്ണികൃഷ്ണനെ അക്രമകാരിയും മദ്യപിച്ച് മദോന്മത്തനുമായവനായാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. അദ്ദേഹം മദ്യപിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവര്‍ ആരൊക്കെയായിരുന്നുവെന്നും അവര്‍ എന്തുകൊണ്ടാണ് സുള്ള്യയില്‍ നിന്ന് ഉടന്‍ അപ്രത്യക്ഷരായതെന്നും പുറത്ത് വരേണ്ടിയിരിക്കുന്നു. അമിതമായി മദ്യപിച്ച ഉണ്ണികൃഷ്ണന്‍ ഓട്ടോ ഡ്രൈവറെയും ഹോംഗാര്‍ഡിനെയും പോലീസുകാരെയും അക്രമിച്ചുവെന്ന് പറയുന്നതിലും സംശയങ്ങളുണ്ട്. മോര്‍ച്ചറിയില്‍ കിടത്തിയ മൃതദേഹത്തില്‍ ദേഹമാസകലം ചതവുകളും മുറിവുകളുമുണ്ടായിരുന്നു. ഇത് പോലീസിന്റെ മൂന്നാംമുറയില്‍ സംഭവിച്ചതാണെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. 

പത്രസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ രാഘവന്‍ അത്തൂട്ടി, ആനന്ദമവ്വാര്‍, സജീവന്‍ പുളിക്കൂര്‍, അജക്കോട് വസന്തന്‍, വിജയന്‍ സി കുട്ടമത്ത്, ഒ.കെ പ്രഭാകരന്‍, കരുണാകരന്‍ എളേരി, ബിന്ദുമോള്‍, ദിവ്യ, പ്രകാശന്‍ പനയാല്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad