കാസര്‍കോട് (www.evisionnews.in): ഗോവയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് വീട്ടുവേലക്ക് നിര്‍ത്തിയ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. എരിയാല്‍ ബ്ലാര്‍ക്കോട്ടെ നബീസ, ബന്ധുക്കളായ മറിയുമ്മ, അബ്ദുള്‍ മജീദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ''നന്നേ ചെറുപ്പത്തിലാണ് പെണ്‍കുട്ടിയെ ഗോവയില്‍ നിന്ന് കടത്തിക്കൊണ്ടുവന്നത്. അതിനുശേഷം വീട്ടുവേല ചെയ്യിപ്പിച്ചു. പലപ്പോഴും ക്രൂരമായ പീഡനത്തിന് ഇരയായി. മാനസിക പീഡനവും ശാരീരികവുമായും പീഡിപ്പിച്ചു. 2014 ഒക്ടോബര്‍ 11ന് പീഡനം സഹിക്കാന്‍ കഴിയാതെ വന്ന പെണ്‍കുട്ടി ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് ഇറങ്ങിയോടി. പിന്നീട് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ കാണപ്പെട്ട പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി. പിന്നീട് ചൈല്‍ഡ് ലൈനിന്റെ ഇടപെടലിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ പരവനടുക്കത്തെ ബാലമന്ദിരത്തിലാക്കി. ഇതിനിടയില്‍ തൃക്കരിപ്പൂരിലെ ദമ്പതികള്‍ പെണ്‍കുട്ടിയെ നിയമപരമായി ദത്തെടുത്തു. തൃക്കരിപ്പൂരിലെ വീട്ടില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് തുടര്‍ച്ചയായ തലവേദന അനുഭവപ്പെടുന്നതായി പറയുന്നു. തലവേദന സഹിക്കാന്‍ കഴിയാതെ നിലവിളിക്കുന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. വിശദമായ പരിശോധനയില്‍ തലക്കകത്തുള്ള ഗുരുതരമായ ക്ഷതമാണ് തലവേദനയ്ക്ക് ഇടയാക്കിയതെന്ന് വ്യക്തമായി. വീട്ടുജോലി ചെയ്തുവരുന്നതിനിടയില്‍ ഉണ്ടായ ക്രൂരമായ ഉപദ്രവത്തിനിടയിലാണ് തലയില്‍ ആന്തരിക പരിക്ക് ഉണ്ടായതെന്നും വ്യക്തമായി. തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനു മുമ്പാകെ എത്തിച്ചു. കാര്യങ്ങള്‍ കേട്ടശേഷം പെണ്‍കുട്ടിയെ പരാതിക്കാരിയാക്കി പോലീസിനെ സമീപിച്ചതോടെയാണ് കേസെടുത്തത്.''
Post a Comment
0 Comments