Type Here to Get Search Results !

Bottom Ad

നോട്ടുനിരോധനത്തിന് പിന്നില്‍ കള്ളപ്പണ ലോബിയുമായുള്ള ഒത്തുകളി: പിണറായി വിജയന്‍

തിരുവനന്തപുരം (www.evisionnews.in): രാജ്യത്ത് ഏര്‍പ്പെടുത്തിയ നോട്ടുനിരോധനത്തിന് പിന്നില്‍ കള്ളപ്പണ ലോബിയുമായുള്ള കേന്ദ്രസര്‍ക്കാറിന്റെ ഒത്തുകളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ കള്ളപ്പണ ലോബിക്ക് അവരുടെ കൈവശമുള്ള പണം സുരക്ഷിതമായി മാറ്റുന്നതിനുള്ള എല്ലാ സൗകര്യവും നേരത്തേ തന്നെ നല്‍കിയെന്നാണ് കിട്ടുന്ന വിവരം. 

നോട്ടു പിന്‍വലിക്കാനുള്ള തീരുമാനം അറിയാതെ പോയത് സാധാരണക്കാര്‍ മാത്രമാണ്. തീരുമാനം ചില കേന്ദ്രങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു. അതിന്റെ ഭാഗമായി ബി.ജെ.പി തന്നെ ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. കള്ളപ്പണക്കാര്‍ക്ക് ഇതുകൊണ്ട് ഒരു ഉപദ്രവവും ഉണ്ടായിട്ടില്ല. മറിച്ച് അധ്വാനിച്ച് പണമുണ്ടാക്കി അതില്‍ നിന്ന് അല്‍പം മിച്ചം വെച്ച് പല കാര്യങ്ങള്‍ക്കൊരുങ്ങിയ സാധാരണക്കാര്‍ക്കാണ് വലിയ പ്രയാസമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വിവരണാതീതമായ പ്രയാസമാണ് ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം തടയുനന്തിന് ആരും എതിരല്ല. എന്നാല്‍ ഇപ്പോഴത്തെ നടപടി കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച് സ്വീകരിച്ചതല്ലെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ദില്ലിയിലെത്തി കേന്ദ്ര ധനകാര്യ മന്ത്രിയെ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിക്കുമെന്നും ഡിസംബര്‍ 30 വരെ നോട്ടുകള്‍ സാധാരണ പോലെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പകരം സംവിധാനമുണ്ടാക്കാതെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ മാത്രം ജനങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്. പാവപ്പെട്ട ജനങ്ങളുടെ കൈയ്യിലുള്ളത് കള്ളപ്പണമല്ല. അവര്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണ്. മരുന്നു വാങ്ങാനും ചികിത്സിക്കാനും പണമില്ലാതെ രോഗികള്‍ പ്രയാസപ്പെടുന്നു. ഈ പ്രശ്‌നത്തില്‍ അകപ്പെട്ട് ജീവനൊടുക്കിയവര്‍ സംസ്ഥാനത്ത് തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ ദുരഭിമാനം വിട്ട് ഡിസംബര്‍ 30 വരെ പഴയ നോട്ടുകളുടെ സാധാരണ ക്രയവിക്രയത്തിന് അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സെക്യൂരിറ്റി ത്രെഡില്ലാതെ 1000 രൂപ അച്ചടിച്ചതുവഴി റിസര്‍വ് ബാങ്കിന് പറ്റിയ കൈപ്പിഴ തിരുത്താനാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്ന വാര്‍ത്തകള്‍ വിശ്വസിക്കേണ്ട സാഹചര്യമാണുള്ളത്. കാര്യം മനസിലാക്കി തീരുമാനമെടുക്കേണ്ട പ്രധാനമന്ത്രി ഇപ്പോള്‍ രാജ്യത്തില്ല. തീരുമാനം പുറത്തുവന്ന ഉടനെ സംസ്ഥാനത്തിന്റെ വികാരം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. ഇന്ന് ദില്ലിയില്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ട് ഇക്കാര്യത്തിലെ ആശങ്ക അറിയിക്കുമെന്നും റിയലന്‍സ് അടക്കമുള്ള കുത്തക കമ്പനികള്‍ക്ക് നോട്ടു നിരോധനത്തെ കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad