Type Here to Get Search Results !

Bottom Ad

നോട്ട് നിരോധനത്തിന്റെ ലക്ഷ്യം സാമ്പത്തിക അടിയന്തിരാവസ്ഥ: മുഖ്യമന്ത്രി


തിരുവനന്തപുരം (www.evisionnews.in): നോട്ട് അസാധുവാക്കിയതിലൂടെ രാജ്യത്തെ സാമ്പത്തിക അടിമത്തത്തിലേക്ക് നയിക്കാനുള്ള ശ്രമമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ നടപടിയെ സംശയത്തോടെ മാത്രമേ കാണാനാകൂ. കറന്‍സി പിന്‍വലിച്ചതുകൊണ്ട് കള്ളപ്പണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന മോദിയുടെ പ്രഖ്യാപനം വെറുതെയായി. 900 കള്ളപ്പണക്കാരുടെ പട്ടിക തലയിണക്കടിയില്‍ വച്ച് കിടക്കുകയാണെന്നും പിണറായി പറഞ്ഞു. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നു സഹകരണ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാധാരണക്കാരുടെയും കര്‍ഷകരുടെയും പ്രധാന ആശ്രയമായ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു സഹകരണമന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. സഹകരണ മേഖലയില്‍ കള്ളപ്പണമാണെന്ന പ്രചാരണം ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. കേരളത്തില്‍ കര്‍ഷക ആത്മഹത്യകളില്ലാത്തത് സഹകരണ ബാങ്കുകള്‍ ഉള്ളതിനാലാണ്. സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രത്തിനൊപ്പം ആര്‍ബിഐയും ചേരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണത്തിന്റെ സംരക്ഷകരാണ് കേരളീയരെന്ന ആക്ഷേപം അപമാനകരമാണ്. സഹകരണ ബാങ്കുകളില്‍ കള്ളപ്പണമാണെന്ന ആക്ഷേപം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ മലയാളിയെ അപമാനിക്കുകയാണ്. ബാങ്കുകളില്‍ കെവൈസി നടപ്പാക്കുന്നില്ലെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. സഹകരണ മേഖലയില്‍ ഏതു പരിശോധനയ്ക്കും സര്‍ക്കാര്‍ തയാറാണ്. ആദായനികുതി വകുപ്പിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും തയാറാണ്. സഹകരണ മേഖലയിലെ വിഷയങ്ങള്‍ അറിയിക്കാന്‍ കേരളത്തില്‍നിന്നും ചെന്ന എംപിമാരെ കാണാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ജനത്തിനുമേല്‍ തോക്കുചൂണ്ടിയല്ല നോട്ടില്ലാത്ത കാലം കൊണ്ടുവരേണ്ടതെന്നു വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. നോട്ട് പിന്‍വലിച്ച് ബിജെപി തനിനിറം കാട്ടിയിരിക്കുകയാണ്. നോട്ട് പിന്‍വലിക്കല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പുതന്ത്രമാണ്. രാജ്യത്ത് യുദ്ധാന്തരീക്ഷം ഉണ്ടാക്കാനായിരുന്നു ബിജെപിയുടെ ആദ്യ ശ്രമം. അതു പരാജയപ്പെട്ടപ്പോഴാണു നോട്ട് അസാധുവാക്കലുമായി എത്തിയത്. ജനങ്ങളുടെ നിഷ്‌കളങ്ക പിന്തുണ ലഭിക്കുമെന്ന് ബിജെപി കരുതി. ആദ്യ ദിവസം കഴിഞ്ഞപ്പോള്‍ ജനം കണ്ണു തുറന്ന് പ്രതികരിക്കാന്‍ തുടങ്ങി. കേന്ദ്രത്തെ പിന്താങ്ങുന്ന കുമ്മനത്തെയും കൂട്ടരെയും ജനം ചവിട്ടിപ്പുറത്താക്കുമെന്നും വിഎസ് പറഞ്ഞു.

നോട്ടുകള്‍ പിന്‍വലിച്ചത് ജനത്തോടുള്ള ക്രിമിനല്‍ നടപടിയെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. കേന്ദ്രത്തിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി പോകണം. സഹകരണ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ ഏതു നടപടിക്കൊപ്പവും പ്രതിപക്ഷവും പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണം മാറ്റണം, പഴയ നോട്ടുകള്‍ സ്വീകരിക്കാനുള്ള അനുവാദം നല്‍കണം എന്നിവയിലൂന്നിക്കൊണ്ടുള്ള ചര്‍ച്ചയാവും ഉണ്ടാകുക. ഇത് സംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കും. കേരളത്തിലെ സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വന്‍കള്ളപണ നിക്ഷേപമുണ്ടെന്ന ബിജെപിയുടെ ആരോപണത്തെ എതിര്‍ക്കാനും പ്രത്യേക നിയമസഭാ സമ്മേളനം വേദിയാകും. ഇക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ഒരേനിലപാടാണ് സ്വീകരിക്കുക.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad