ന്യൂഡല്‍ഹി (www.evisionnews.in): കള്ളപ്പണം തടയാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ടുനിരോധനം കള്ളപ്പണത്തെ ഇല്ലാതാക്കില്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ അനില്‍ ബോകില്‍. നവംബര്‍ എട്ടിന് പ്രധാനമന്ത്രിയുടെ നോട്ടുനിരോധന പ്രഖ്യാപനം വന്നതിനു പിന്നാലെ അതിന്റെ ബുദ്ധികേന്ദ്രം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച വ്യക്തിയാണ് ലത്തൂര്‍ സ്വദേശിയായ അനില്‍ ബോകില്‍. പ്രമുഖ ഇംഗ്ലീഷ് ഇക്കണോമിക് മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മോദിയുടെയും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെയും മനസില്‍ നോട്ടു നിരോധനം എന്ന ചിന്തയുടെ വിത്തുപാകിയ വ്യക്തിയെന്നാണ് സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്ന അര്‍ത്ഥക്രാന്തി സന്‍സ്ഥാന്റെ ചാര്‍ചട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ഗ്രൂപ്പിലെ അംഗമായ ബോകില്‍ വിശേഷിപ്പിക്കപ്പെട്ടത്.
' 500രൂപയുടെയും 1000രൂപയുടെയും നോട്ട് നിരോധിച്ചതുകൊണ്ട് കള്ളപ്പണത്തെ ഒന്നും ചെയ്യാനാവില്ല. നോട്ടുനിരോധനം കൊണ്ട് കള്ളനോട്ടുകള്‍ ഇല്ലാതാക്കാനേ കഴിയൂ.' എന്നാണ് ബോകില്‍ പറയുന്നത്. നോട്ടുനിരോധനം നടപ്പാക്കിയിരിക്കുന്ന രീതിയെയും അദ്ദേഹം അംഗീകരിക്കുന്നില്ല. 'ഞങ്ങള്‍ നിര്‍ദേശിച്ചത് ഇതല്ല. അഞ്ച് പോയിന്റുള്ള പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. വലിയ മൂല്യമുള്ള കറന്‍സി നോട്ടുകളില്‍ നിന്നും ചെറുതിലേക്കു മാറാനുള്ള മികച്ചൊരു പ്ലാന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു' അദ്ദേഹം പറയുന്നു. 'സര്‍ക്കാര്‍ വലിയ മൂല്യമുള്ള കറന്‍സി കൂറേക്കൂടി വലിയ മൂല്യമുള്ള കറന്‍സികള്‍കൊണ്ട് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ' അദ്ദേഹം വ്യക്തമാക്കി.
Post a Comment
0 Comments