Type Here to Get Search Results !

Bottom Ad

യദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ കര്‍ണാടകയില്‍ ബിജെപി മലയാളികളെ സംഘടിപ്പിക്കുന്നു: നേതൃത്വത്തില്‍ കാസര്‍കോട്ടെ മുന്‍ ബിജെപി നേതാവ് രവീന്ദ്രനും


കാസര്‍കോട് (www.evisionnews.in): കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ച് വീണ്ടും അധികാരത്തിലേറാന്‍ ബി.ജെ.പി സംസ്ഥാന വ്യാപകമായി മലയാളികളെ സംഘടിപ്പിക്കുന്നു. ഇതിനായി ബിജെപി കര്‍ണാടക സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ മലയാളി സെല്‍ രൂപീകരിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. സെല്ലിന്റെ കണ്‍വീനര്‍ ബംഗളൂരുവിലെ ഗോപിനാഥനാണ്. സഹകണ്‍വീനറായി ബിജെപി കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി പദവികള്‍ വഹിച്ച വി രവീന്ദ്രനെയും നിയോഗിച്ചിട്ടുണ്ട്. രവീന്ദ്രന്റെ നേതൃത്വത്തില്‍ ഇതിനകം ദക്ഷിണ കര്‍ണാടക, ഉഡുപ്പി, കുടക് ജില്ലകളില്‍ മലയാളി സെല്ലുകള്‍ രൂപീകരിച്ച് കഴിഞ്ഞു. മലയാളികളുടെ വോട്ടുകളില്ലാതെ ഇനി ഒരിഞ്ച് പോലും കര്‍ണാടകയില്‍ ഭരണത്തിലേറാന്‍ ബിജെപിക്കാവില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി വിജയിച്ച ഇരുപതോളം സീറ്റുകളില്‍ മലയാളികളുടെ വോട്ടുകളായിരുന്നു വിജയം നിര്‍ണയിച്ചത്. സംസ്ഥാനത്തെ മറ്റെല്ലാ നിയോജക മണ്ഡലങ്ങളിലും മലയാളി സാന്നിധ്യം ബിജെപിക്ക് എന്തുവില കൊടുത്തും കയ്യടക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ബഹുമുഖ തന്ത്രങ്ങള്‍. കര്‍ണാടകയിലെ മലയാളികളുടെ ശക്തിയും സ്വാധീനവും ഏറ്റവും കുടുതല്‍ തിരിച്ചറിഞ്ഞത് യദ്യൂരപ്പയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മലയാളി സെല്ലിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. യെദ്യൂരപ്പക്ക് വലംകൈയായി രവീന്ദ്രനുമുണ്ട്. 

കര്‍ണാടകയില്‍ കാലാവധി കഴിയുന്നതിന് മുമ്പ് കോണ്‍ഗ്രസ് ഭരണം നിലംപതിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഇതേതുടര്‍ന്ന് മലയാളികളുടെയും തമിഴരുടെയും ന്യൂനപക്ഷങ്ങളുടെയും ഒബിസി വിഭാഗങ്ങളുടെയും പ്രത്യേക സെല്ലുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം കൃത്യവും കണിശവുമായി നീക്കാനാണ് ശ്രമങ്ങള്‍ തുടരുന്നത്. 

ബംഗളൂരുവില്‍ മാത്രം ഏതാണ്ട് 14 ലക്ഷത്തിലേറെ മലയാളികളുണ്ടെന്നാണ് കണക്ക്. മംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ കര്‍ണാടക ജില്ലയില്‍ മാത്രം രണ്ടര ലക്ഷത്തോളം മലയാളികളുണ്ട്. കര്‍ണാടകയിലെ വ്യവസായ -വാണിജ്യ-വിദ്യാഭ്യാസ കാര്‍ഷിക മേഖലകളില്‍ മലയാളികളുടെ സാന്നിധ്യം നിത്യവിസ്മയമാണ്. കര്‍ണാടക നിയമസഭയിലും മന്ത്രി സഭകളിലും മലയാളി സാന്നിധ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗതമായി മലയാളി വോട്ടുകള്‍ കോണ്‍ഗ്രസിന്റെ പെട്ടിയിലേക്കാണ് മറിയുന്നത്. ഈ ഒഴുക്ക് താമരയുടെ പെട്ടിയിലേക്ക് ഗതിമാറ്റി വിടാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം. ഈ യത്‌നത്തില്‍ വിജയിക്കുമെന്നും യദ്യൂരപ്പ തന്നെയായിരിക്കും അടുത്ത കര്‍ണാടക മുഖ്യമന്ത്രിയെന്നും വി രവീന്ദ്രന്‍ ചൊവ്വാഴ്ച ഇവിഷന് അനുവദിച്ച ടെലഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.


Keywords: Kasaragod-karnataka-news-bjp-cong-edurappa

Post a Comment

0 Comments

Top Post Ad

Below Post Ad