കാസര്‍കോട് (www.evisionnews.in): വിജയ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയില്‍ നിന്നും 20 കിലോ സ്വര്‍ണ്ണവും 2.95 ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ അഞ്ചു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒരാളെ വെറുതെവിട്ടു. കാസര്‍കോട് സി.ജെ.എം കോടതിയാണ് ചൊവ്വാഴ്ച വിധി പറഞ്ഞത്.
കര്‍ണ്ണാടകയിലെ കുശാല്‍നഗര്‍ ബേക്കിലഹള്ളിയിലെ സുലൈമാന്‍ (42), മുറിയനാവിയിലെ മുബഷീര്‍ (24), ഇടുക്കി രാജഗിരി പുളിയക്കോട്ടെ എം.ജെ മുരളി (65), ചെങ്കള ബേര്‍ക്കയിലെ അബ്ദുല്‍ ഖാദര്‍ എന്ന മനാഫ് (30), ബളാല്‍ കല്ലഞ്ചിറിയിലെ മണ്ട്യന്‍ ഹൗസില്‍ അബ്ദുള്‍ ലത്തീഫ് (34) എന്നിവരെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മടിക്കേരി എരുമാട് ദര്‍ഗക്ക് സമീപത്തെ പുരളി ഹൗസില്‍ അബ്ദുല്‍ ഖാദര്‍ എന്ന ഖാദറിനെ (48) യാണ് വെറുതെവിട്ടത്. മടിക്കേരി കുശാല്‍ നഗര്‍ ശാന്തിപ്പള്ളത്തെ അഷ്റഫ് (38) ഇപ്പോഴും ഒളിവിലാണ്.
2015 സെപ്തംബര്‍ 27ന് രാത്രിയിലാണ് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ചാ മുതലില്‍ രണ്ടുകിലോ സ്വര്‍ണം കണ്ടെടുക്കാന്‍ ബാക്കിയുണ്ട്. കാഞ്ഞങ്ങാട് ഡി വൈ എസ് പി യായിരുന്ന ഹരിശ്ചന്ദ്രനായക്ക്, സി ഐ മാരായ യു. പ്രേമന്‍, സി.കെ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 21 പോലീസുകാരടങ്ങിയ അന്വേഷണസംഘമാണ് ദിവസങ്ങള്‍ക്കകം കേസിന് തുമ്പുണ്ടാക്കിയത്. സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവായി മാറി.

Post a Comment
0 Comments