കാസര്‍കോട് (www.evisionnews.in): നോട്ട് നിരോധനത്തിന്റെ ഇരുട്ടടിയേറ്റ് ജില്ലയിലെ ആയിരക്കണക്കിന് ബീഡിത്തൊഴിലാളി കുടുംബങ്ങള്‍ പരുങ്ങുന്നു. അഞ്ഞൂറ്, ആയിരം രൂപ കറന്‍സികള്‍ നിരോധിച്ചതിനെ തുടര്‍ന്ന് താഴ്ന്ന വരുമാനം മാത്രം ലഭിച്ചുകൊണ്ടിരുന്ന കേരള ദിനേശ് ബീഡി -സ്വകാര്യ ബീഡിക്കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്കു ശനിയാഴ്ച കൂലി ലഭിക്കില്ല. ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ അക്കൗണ്ടുകള്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ ആണ്. തൊഴിലാളികള്‍ക്ക് ഒരാഴ്ച വേതനം കൊടുക്കുന്നതിനുവേണ്ടി ഒരു കോടിയോളം രൂപ ആവശ്യമുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഒരാഴ്ചക്കാലം ജോലി ചെയ്താല്‍ തൊഴിലാളിക്കു ലഭിക്കുന്നത് ആയിരം രൂപ വരെയാണ്. കറന്‍സി നിരോധനത്തിന്റെ ഫലമായി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ജില്ലാ സഹകരണ ബാങ്കുകളുടെ ശാഖകളില്‍ നിന്നു തൊഴിലാളികള്‍ക്ക് വേതനം കൊടുക്കേണ്ട പണം പിന്‍വലിക്കാന്‍ സാധിക്കാത്തതോടെയാണ് പ്രതിസന്ധിയുണ്ടായത്. കുറഞ്ഞ വരുമാനം ലഭിക്കുന്ന തൊഴിലാളികള്‍ക്കു വേതനം കൃത്യമായി ലഭിക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും കേരള സ്റ്റേറ്റ് ബീഡി, സിഗാര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ. ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments