Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ ആത്മഹത്യ: പഞ്ചായത്ത് പ്രസിഡണ്ടിനെയും സെക്രട്ടറിയെയും യൂത്ത് ലീഗ് ഉപരോധിച്ചു


ബെള്ളൂര്‍ (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ബെള്ളൂര്‍ നാട്ടക്കല്ലിലെ രാജീവിയെന്ന വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചായത്ത് അധികാരികള്‍ കാണിച്ച നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ച് ബെള്ളൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡണ്ടിനെയും സെക്രട്ടറിയെയും ഉപരോധിച്ചു. മരണം സംഭവിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടും പഞ്ചായത്ത് പ്രസിഡണ്ടോ സെക്രട്ടിയോ രാജീവിയുടെ വീട് സന്ദര്‍ശിക്കാത്തതിലും അധികാരികളുടെ അനാസ്ഥയിലും പ്രതിഷേധിച്ചാണ് ഉപരോധം. നാട്ടക്കല്ലില്‍ നിന്ന് രാജിവിയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഫണ്ടില്‍ നിന്നും പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ പോലും അധികൃതര്‍ തയാറായില്ല. മരണവിവരം പഞ്ചായത്ത് സെക്രട്ടറി അറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷം പത്രത്തിലൂടെയാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഇതിലൂടെ പഞ്ചായത്ത് അധികാരികളുടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള നിരുത്തരവാദിത്തം എത്രമാത്രമാണെന്ന് മനസിലാകുന്നുവെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. രാജീവിയെന്ന വീട്ടമ്മയുടെ മരണവിവരം അധികാരികളെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയ എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്കെതിരെ അടിയന്തിരമായി നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.പി അഷ്‌റഫ് ഹാജി, എസ്.കെ അബ്ബാസ് അലി, ഷംസുദ്ദീന്‍ കിന്നിംഗാര്‍, എ.ബി സിദ്ദീഖ്, സാദിഖ് കോട്ടുമൂല, ഹാരിസ് കിന്നിംഗാര്‍, ടി.കെ ഇബ്രാഹിം, കെ.എച്ച് ജാഫര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad