ഉഡുപ്പി (www.evisionnews.in): കോണ്‍ഗ്രസ് നേതാവും ഉഡുപ്പി -ചിക്കമഗളൂരു മുന്‍ എം.പിയുമായ കെ. ജയപ്രകാശ് ഹെഗ്‌ഡെയെ ബി.ജെ.പി പാളയത്തിലെത്തിക്കാനുള്ള ശ്രമം വിജയത്തിലേക്ക്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി ശക്തിപ്പെടുത്താനും അതിന്റെ ഭാഗമായി ഇതര പാര്‍ട്ടികളില്‍ നിന്നടക്കം പരമാവധി ആളുകളെ ബി.ജെ.പിയിലെത്തിക്കാനും നടക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഏറെ ജനസമ്മതിയുള്ള ജയപ്രകാശ് ഹെഗ്‌ഡെയെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം തുടങ്ങിയത്.
അതേസമയം, ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇദ്ദേഹവുമായി ചര്‍ച്ച നടത്തിയതായാണ് അറിയുന്നത്. ജനതാദള്‍ നേതാവായിരുന്ന ജയപ്രകാശ് ഹെഗ്‌ഡെ പാര്‍ട്ടിയുമായി അകന്നതിനെ തുടര്‍ന്നു സ്വതന്ത്രനായി മത്സരിച്ചു മൂന്നുതവണ ബ്രഹ്മാവര്‍ നിയോജക മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു ജയിച്ചു. പിന്നീടു കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 2012ല്‍ ഉപതെരഞ്ഞെടുപ്പില്‍ ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തില്‍ നിന്നു ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ശോഭാ കരന്തലാജെയോടു പരാജയപ്പെട്ടു.
ഇതിനുശേഷം, കഴിഞ്ഞ നിയമനിര്‍മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു തോറ്റു. വിമതനായതോടെ കോണ്‍ഗ്രസ് ഇദ്ദേഹത്തെ ആറുവര്‍ഷത്തേക്കു പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡു ചെയ്തു. തുടര്‍ന്ന് ഇദ്ദേഹവും അനുയായികളും തനിച്ചു നില്‍ക്കുകയാണ്. ഇതിനിടെയാണ് ബി.ജെ.പി ചരട് വലി തുടങ്ങിയത്.

Post a Comment
0 Comments