മലപ്പുറം (www.evisionnews.in): കൊല്ലത്തും മൈസൂരിലും ഉണ്ടായ സ്ഫോടനത്തിന് സമാനമെന്ന് മലപ്പുറം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനമെന്ന് പൊലീസ്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച പെന്‍ഡ്രൈവില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍ പറഞ്ഞു.
പെന്‍ഡ്രൈവില്‍ വീഡിയോ ദൃശ്യങ്ങളാണ് ഉള്ളത്. ഒരു വ്യക്തി വിവരിക്കുന്ന രീതിയിലുള്ള രീതിയിലാണ് ദൃശ്യങ്ങള്‍. കൊല്ലത്തും മൈസൂരും അടുത്തിടെയുണ്ടായ സ്ഫോടനങ്ങള്‍ അടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇതില്‍ നിന്നാണ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഒരേസംഘം തന്നെയാണെന്ന നിഗമനത്തില്‍ എത്തിയതെന്നും ഐജി പറഞ്ഞു. ബേസ് മൂവ്മെന്റ് എന്ന സംഘടനയാണ് സംഭവത്തിന് പിന്നിലെന്ന് വീഡിയോയില്‍ പറയുന്നതായി അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഫോടനംനടത്താന്‍ സംഘടന പദ്ധതിയിട്ടിരുന്നു. കേരളത്തില്‍ ഒരു ജില്ലയില്‍ സമാനമായ സ്ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നതായും വിവരം ലഭിച്ചതായി ഐജി വ്യക്തമാക്കി. എന്നാല്‍ ഏത് ജില്ലയാണ് സംഘം ലക്ഷ്യമിട്ടതെന്ന് ഐജി വെളിപ്പെടുത്തിയില്ല. ഈ മേഖലയില്‍ പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കിയതായും ഐ ജി വ്യക്തമാക്കി. അടുത്തിടെ രാജ്യത്ത് നടന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പെന്‍ഡ്രൈവിലും ലഘുലേഖകളിലുമുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഐജി അറിയിച്ചു. അതേസമയം സ്‌ഫോടനം നടന്ന കോടതിവളപ്പില്‍ എന്‍ഐഎ സംഘത്തിന്റെ പരിശോധന ആരംഭിച്ചു. മൈസൂര്‍ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിനൊപ്പം കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎം ഉദ്യോഗസ്ഥരും കോടതി വളപ്പില്‍ പരിശോധന നടത്തുന്നുണ്ട്. ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍, മലപ്പുറം ഡിവൈഎസ്പി പിഎം പ്രദീപ്, നാര്‍ക്കോട്ടിക് ഡിവൈഎസ്പി സിപി ബാലന്‍ തുടങ്ങിയവരുടെ സംഘമാണ് ലോക്കല്‍ പൊലീസിനു വേണ്ടി പരിശോധന നടത്തുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് മലപ്പുറം കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിച്ചത്.

Post a Comment
0 Comments