കാസര്‍കോട് (www.evisionnews.in):ഔദ്യോഗിക വസതിയിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി കെ ഉണ്ണികൃഷ്‌ണ (45)നൊപ്പം സുള്ള്യയിലെത്തിയ വ്യാപാരി ആരെന്നത് പരക്കെ ചർച്ചയായി. രണ്ട് അഭിഭാഷകർക്ക് പുറമെയാണ് വ്യാപാരിയും ഒപ്പമുണ്ടായിരുന്നത്. മജിസ്‌ട്രേറ്റിനെ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ഒരു അഭിഭാഷകൻ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനയുടെ നേതാവാണിയാൾ. മറ്റൊരാൾ ദേശീയ പാർട്ടിയുമായി ബന്ധമുള്ള അഭിഭാഷകനാണെന്നും പ്രചരിക്കുന്നുണ്ട്. ഇരു വക്കീലന്മാരും കാഞ്ഞങ്ങാട്ട് ബാർ പരിധിയിലുള്ളവരുമാണ്.
ന്യായാധിപനെ സുള്ള്യ സ്റ്റേഷനിലെത്തിച്ചപ്പോൾ ആദ്യം വിവരമറിഞ്ഞെത്തയത് കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റും അഡൂർ സ്വദേശിയായ വക്കീലുമാണ് .മദ്യപിച്ചു പരാക്രമം കാട്ടിയത് മജിസ്‌ട്രേറ്റാണെന്ന് അറിഞ്ഞ ഉടൻ ഇദ്ദേഹത്തെ പോലീസ് സുള്ള്യ ഐ ബി യിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് കാസർകോട്ടെ അഭിഭാഷകരുമായി കൂടിക്കണ്ടത്.തത്സമയം സുള്ള്യ എസ് ഐയും ഉണ്ടായിരുന്നു.പിരിയാൻ നേരത്ത് തനിക്ക് ആത്മഹത്യ മാത്രമേ വഴിയുള്ളൂ എന്ന് മജിസ്‌ട്രേറ്റ് വിലപിച്ചിരുന്നതായും കാസർകോട്ടെ അഭിഭാഷകർ പറയുന്നു.
അതിനിടെ താമസസ്ഥലത്ത് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്‌ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസ് സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. കര്‍ണ്ണാടക, സുള്ള്യയില്‍ ഉണ്ടായ സംഭവത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലെ പ്രതി തൃശൂര്‍ സ്വദേശിയായ വി കെ ഉണ്ണികൃഷ്‌ണനെ ഇന്നലെ രാവിലെയാണ് ക്വാര്‍ട്ടേഴ്‌സിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവായ സുധീഷിനെ ഭക്ഷണം വാങ്ങാന്‍ പറഞ്ഞയച്ച ശേഷം ക്വാര്‍ട്ടേഴ്‌സ് അകത്തു നിന്നു പൂട്ടിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റിനു ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തത്. മജിസ്‌ട്രേറ്റ് തൂങ്ങിമരിച്ച വിവര മറിഞ്ഞ് ഇന്നലെ തന്നെ സുള്ള്യ പൊലീസ് കാസര്‍കോട്ടെത്തിയിരുന്നു. ഇവരില്‍ നിന്നു കേസ് അന്വേഷിക്കുന്ന പൊലീസ് പ്രാഥമിക മൊഴിയെടുത്തു. വിശദമായ അന്വേഷണത്തിനു പൊലീസ് സംഘം ഉടന്‍ സുള്ള്യയിലേയ്‌ക്കു പോകും. കേസെടുക്കാന്‍ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. സുള്ള്യ പൊലീസിന്റെ കൈവശമുള്ള വീഡിയോകളും പൊലീസ് പരിശോധന നടത്തും. സുള്ള്യയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കര്‍ണ്ണാടക സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുള്ള്യയില്‍ അനിഷ്‌ട സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ മജിസ്‌ട്രേറ്റിന്റെ കൂടെ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്നതുസംബന്ധിച്ചും അന്വേഷണം തുടങ്ങി.
keywords:kasaragod-sullya-magistrate-suicide

Post a Comment
0 Comments