Type Here to Get Search Results !

Bottom Ad

സസ്‌പെന്‍ഷനിലായ കാസര്‍കോട് മജിസ്‌ട്രേറ്റ് തൂങ്ങി മരിച്ചനിലയില്‍


കാസര്‍കോട് (www.evisionnews.in): സ്വഭാവദൂഷ്യം കാരണം ഹൈക്കോടതി സസ്‌പെന്റ് ചെയ്ത കാസര്‍കോട് മജിസ്‌ട്രേറ്റിനെ സ്വന്തം വസതിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും തൃശൂര്‍ സ്വദേശിയുമായ വി.കെ ഉണ്ണികൃഷ്ണനാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് വിദ്യാനഗറിലെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ഞായറാഴ്ച സുള്ളി ടൗണില്‍ മദ്യപിച്ച് പരാക്രമം കാട്ടിയതിന് സുള്ള്യ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. തുടര്‍ന്ന് സുള്ള്യ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി തന്നെ മര്‍ദ്ദിച്ചെന്നും മൂന്നാംമുറക്ക് വിധേയമാക്കിയെന്നും കാണിച്ച് കാസര്‍കോട് പോലീസില്‍ മജിസ്‌ട്രേറ്റ് പരാതി നല്‍കുകയും ചെയ്തിരുന്നു. സ്റ്റേഷനില്‍ കൊണ്ടുപോയി തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഷൂ കൊണ്ട് ചവിട്ടുകയും സ്റ്റേഷനില്‍ വെച്ച് വെള്ളം ചോദിച്ചപ്പോള്‍ പെപ്‌സിയില്‍ മദ്യം കലര്‍ത്തി ബലമായി കുടിപ്പിച്ചെന്നും മജിസ്‌ട്രേറ്റ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് മദ്യപിച്ച് പരാക്രമം കാണിച്ചുവെന്നായിരുന്നു സുള്ള്യ പോലീസിന്റെ വിശദീകരണം. മജിസ്ട്രേറ്റിനെതിരെ രണ്ട് കേസുകളാണ് സുള്ള്യ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഐ പി സി സെക്ഷന്‍ 506 , ഐ പി സി സെക്ഷന്‍ 323 , ഐ പി സി സെക്ഷന്‍ 341, ഐ പി സി സെക്ഷന്‍ 504 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഒരു കേസും ഐ പി സി സെക്ഷന്‍ 332, 353  എന്നീ വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

തുടര്‍ന്ന് തിങ്കളാഴ്ചയാണ് കാസര്‍കോട്ടെ മജിസ്ട്രേറ്റിനെതിരെ പോലീസ് കേസെടുക്കാനിടയായ സംഭവത്തെ കുറിച്ച് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വി.കെ ഉണ്ണികൃഷ്ണനോടെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. അതിനിടെ കഴിഞ്ഞ ദിവസമാണ് സ്വഭാവദൂഷ്യം കാരണം മജിസ്‌ട്രേറ്റിനെ ഹൈക്കോടതി സസ്‌പെന്റ് ചെയ്തത്.


Post a Comment

0 Comments

Top Post Ad

Below Post Ad