കാസര്‍കോട് (www.evisionnews.in): സംസ്ഥാനത്തെ പത്ത് ജില്ലകളിലായി 15 അഗ്രോ പാര്‍ക്കുകള്‍ തുടങ്ങുന്നുണ്ടെങ്കിലും കമുക് കര്‍ഷകര്‍ ഏറെയുള്ള കാസര്‍കോട് പട്ടികയിലില്ല. കാസര്‍കോട് ജില്ലയില്‍ ഇപ്പോള്‍ പാര്‍ക്ക് തുടങ്ങാന്‍ ഉദ്ദേശ്യമില്ലെന്നാണ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചത്.
ജില്ലയില്‍ 18733 ഹെക്ടര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 96686 ഹെക്ടറിലാണ് കമുക് കൃഷി ചെയ്യുന്നത്. ഇതില്‍ 1,25,926 ടണ്‍ അടയ്ക്ക ഉല്‍പാദനത്തില്‍ 51,406 ടണ്‍ കാസര്‍കോട് ജില്ലയില്‍ മാത്രമാണ്. വകുപ്പ് മന്ത്രിയുടെ ജില്ലയായ തൃശൂരിലും പാലക്കാട്ടും രണ്ടു വീതം അഗ്രോ പാര്‍ക്കുകളാണ് സ്ഥാപിക്കുകയെന്ന് മന്ത്രി അറിയിച്ചു. തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം (നാളികേരം), പാലക്കാട്, ആലപ്പുഴ, എറണാകുളം (നെല്ല്), ഇടുക്കി, വയനാട് (സുഗന്ധവ്യഞ്ജനം), കോട്ടയം, പത്തനംതിട്ട (റബര്‍), ഇടുക്കികാന്തല്ലൂര്‍ (പച്ചക്കറി) എന്നിവിടങ്ങളിലായി 15 അഗ്രോ പാര്‍ക്കുകള്‍ തുടങ്ങാനാണ് പദ്ധതി. ജില്ലയില്‍ പാരമ്പര്യമായി കമുക് കൃഷി ഉപജീവനമാര്‍ഗമായി എടുത്ത് കൃഷി ചെയ്യുന്ന 40,000 കര്‍ഷകരാണുള്ളത്.
ഒരു ഹെക്ടറിനു 2744 കിലോഗ്രാമാണ് ജില്ലയിലെ അടയ്ക്കയുടെ ഉല്‍പാദനക്ഷമത. കേരള കര്‍ണാടക സര്‍ക്കാര്‍ സംയുക്തമായി തുടങ്ങിയ കാംപ്‌കോ സഹകരണ സ്ഥാപനം കര്‍ണാടക സര്‍ക്കാര്‍ സ്വന്തമാക്കിയതോടെ ജില്ലയില്‍ കമുക് കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ജില്ലയില്‍ മറ്റു സംവിധാനമില്ല. ഇതിനാല്‍ അഗ്രോ പാര്‍ക്ക് തുടങ്ങണമെന്നാവശ്യപ്പെട്ട് കെ.കുഞ്ഞിരാമന്‍ എംഎല്‍എ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Post a Comment
0 Comments