ഒഡീഷ (www.evisionnews.in): ഗ്രാമത്തിന്റെ പരാതികളും പരാധീനതകളും ചൂണ്ടിക്കാട്ടി പത്ത് വയസുകാരന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് രാജ്യത്തിന്റെ കണ്ണു നനയ്ക്കുന്നു. ഒഡീഷയിലെ മാല്‍ക്കങ്കിരി ജില്ലയില്‍ നിന്നുമുള്ള ബാലനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. ജില്ലയിലെ 505 ഗ്രാമങ്ങളില്‍ ജപ്പാന്‍ മസ്തിഷ്‌ക വീക്കമെന്ന മാരകരോഗം ബാധിച്ച് മരിച്ചവരുടേയും മരണത്തോട് മല്ലിടുന്ന നൂറുകണക്കിനാളുകളുടെയും ജീവിതത്തെ കുറിച്ചുള്ളതാണ് കത്ത്.
പോല്‍കണ്ടയിലെ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉമേഷ് മാദിയാണ് മാരകരോഗം വിതച്ച വിപത്തിന്റെ നേര്‍ക്കാഴ്ചയാകുന്ന കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയത്. ഞങ്ങളുടെ ജീവന്‍ രക്ഷിക്കൂ, ജപ്പാന്‍ ജ്വരം കാരണം എന്റെ കുറെ കൂട്ടുകാരാണ് മരിച്ചത്. താങ്കള്‍ ലോകം ചുറ്റുന്നത് അവസാനിപ്പിച്ചിട്ട് ഞങ്ങളുടെ ഗ്രാമത്തിലേക്ക് വരൂ. എന്നിട്ട് എങ്ങനെയാണ് ഇവിടെ ആളുകള്‍ മരിച്ച് വീഴുന്നതെന്ന് കാണൂ. കരളലിയിപ്പിക്കുന്നതാണ് ഉമേഷിന്റെ വാക്കുകള്‍.
മാരകരോഗത്തിന്റെ പിടിയില്‍ പെട്ട് സ്വന്തം കുട്ടികളെ നഷ്ടമായ അയല്‍ക്കാരെക്കുറിച്ചുമെല്ലാം കത്തില്‍ പറയുന്നുണ്ട്. ഗ്രാമത്തിന്റെ ദുര്‍വിധിയില്‍ തങ്ങളുടെ അവസാന പ്രതീക്ഷയാണ് പ്രധാനമന്ത്രി എന്നാണ് ഉമേഷ് എഴുതുന്നത്. ആദിവാസി ഗ്രാമങ്ങളാണ് ജില്ലയില്‍ കൂടുതലും. രോഗം മൂലം വലയുന്ന ഗ്രാമങ്ങളില്‍ പ്രത്യേക സംഘത്തിന്റെ സേവനമുണ്ടെന്നും നാല് ദിവസമായി സാഹചര്യം നിയന്ത്രണ വിധേയമാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ വാക്കുകളെ തള്ളിക്കളയുന്നതാണ് പത്ത് വയസുകാരന്റെ കത്ത്.
രോഗത്തിന്റെ തീവ്രത കണക്കിലെടുത്ത് ഗ്രാമങ്ങളില്‍ പരിശോധനക്കായെത്തിയ പ്രത്യേക മെഡിക്കല്‍ ഉദ്യോഗസ്ഥന്‍ നൃപരാജ് സാഹു പറയുന്നത് ഗുരുതപ്രശ്നമില്ലെന്നും പ്രതീക്ഷിച്ചത് പോലെ രോഗം വ്യാപിച്ചിട്ടില്ലെന്നുമാണ്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ രോഗം മൂലം മരിച്ചതായാണ് കരുതുന്നത്.

Post a Comment
0 Comments