Type Here to Get Search Results !

Bottom Ad

രാജിവിയുടെ ആത്മഹത്യ: അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി


കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ബെള്ളൂര്‍ നാട്ടക്കല്‍ കലേരിയിലെ രാജീവി (61) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കണെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. 

കടബാധ്യതയും തുടര്‍ചികിത്സക്ക് പണമില്ലാത്തതുമാണ് രാജീവിയുടെ ആത്മഹത്യക്ക് കാരണം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവര്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കുന്ന ദിവസമാണ് രാജീവി ആത്മാഹത്യ ചെയ്തത്. എന്നാല്‍ സംഭവം പഞ്ചായത്ത് അധികാരികളും ജില്ലാ ഭരണകൂടവും മനപ്പൂര്‍വം മറച്ചുവെക്കുകയായിരുന്നു. ജില്ലയുടെ മന്ത്രിയോ പഞ്ചായത്ത് പ്രസിഡണ്ടോ സെക്രട്ടിയോ രാജീവിയുടെ വീട് സന്ദര്‍ശിക്കാത്തതിലും അധികാരികളുടെ അനാസ്ഥയിലും ശക്തമായ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. നാട്ടക്കല്ലില്‍ നിന്ന് രാജിവിയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഫണ്ടില്‍ നിന്നും പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ പോലും അധികൃതര്‍ തയാറായില്ല. രാജീവിയെന്ന വീട്ടമ്മയുടെ മരണവിവരം അധികാരികളെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയ എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്കെതിരെ അടിയന്തിരമായി നടപടിയെടുക്കണം. ആറുമാസത്തോളമായി ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയടുക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റിലീഫ് ആന്റ് റെമിഡിയേഷന്‍ സെല്‍ നിലച്ച അവസ്ഥയിലാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു യോഗം പോലും വിളിച്ചു ചേര്‍ക്കാത്തത് ജില്ലയിലെ ദുരിതബാധിതരോടുള്ള കടുത്ത അനീതിയാണെന്നും മരണപ്പെട്ട രാജീവിയുടെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്നും യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍, വൈസ് പ്രസിഡണ്ട് ശംസുദ്ദീന്‍ കിന്നിംഗാര്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.


keywords:kasaragod-raajivi-suicide-youth-league-human-rights

Post a Comment

0 Comments

Top Post Ad

Below Post Ad