കാസര്‍കോട് (www.evisionnews.in): മണി എക്സ്ചേഞ്ചുകളില്‍നിന്ന് പണം ലഭിക്കാതായായതോടെ വിദേശത്ത് ജോലി ചെയ്യുന്നവരുടെ ജില്ലയിലെ കുടുംബങ്ങള്‍ കടുത്ത ദുരിതത്തിലായി.പല ഗൾഫ് കുടുംബങ്ങളും നിത്യച്ചെലവിനുപോലും വഴിമുട്ടി ബുദ്ധിമുട്ടുകയാണ്. ഗള്‍ഫിൽ ജോലിചെയ്യുന്നവരെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് കഷ്ടത്തിലായത്.
വിദേശത്ത് മണി എക്സ്ചേഞ്ചുകള്‍ പണം സ്വീകരിക്കുന്നുണ്ടെങ്കിലും നാട്ടില്‍ ഇത് പണമായി കൊടുക്കാനാകുന്നില്ല. ചെക്കാണ് നല്‍കുന്നത്. ഇത് ബാങ്കില്‍ നിക്ഷേപിച്ചാല്‍ എപ്പോള്‍ കിട്ടുമെന്നറിയില്ല. ബാങ്ക് അക്കൌണ്ടില്ലാത്തവര്‍ക്ക് മണിഎക്സ്ചേഞ്ചുകളില്‍നിന്ന് ലഭിക്കുന്ന ചെക്കുകൊണ്ട് കാര്യമില്ല. ചിലര്‍ ചെക്ക് വാങ്ങുന്നുണ്ടെങ്കിലും അക്കൌണ്ടില്ലാത്തവര്‍ വെറുംകൈയോടെ മടങ്ങുന്നു. 10,000 മുതല്‍ 25,000 രൂപ വരെ കൈപ്പറ്റിയിരുന്ന സാധാരണക്കാരായ പ്രവാസി കുടുംബങ്ങളാണ് തീര്‍ത്തും കഷ്ടത്തിലായത്.
കാസര്‍കോട് പ്രധാന മണി എക്സ്ചേഞ്ചില്‍ 25 ലക്ഷത്തോളം രൂപയുടെ ഇടപാട് ദിവസവും നടന്നിരുന്നു. ബാങ്കില്‍നിന്ന് പണം പിന്‍വലിച്ചാണ് ഇത് നല്‍കിയിരുന്നത്. നിലവില്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്നതുപോലെയേ ഇവര്‍ക്കും ബാങ്കില്‍നിന്ന് പണം ലഭിക്കൂ. പണം കിട്ടാതായതോടെ വിദേശത്തുനിന്ന് പണമയക്കുന്നതും കുറഞ്ഞു. വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാനാകാത്ത ഗതികേടിലാണ് പ്രവാസി കുടുംബങ്ങള്‍. ആശുപത്രി, വിവാഹം, യാത്ര തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് പണമില്ലാതായതോടെ പരിഭ്രാന്തിയിലാണ് കുടുംബങ്ങള്‍.
ഉപയോക്താക്കളെ സഹായിക്കാന്‍ ബദല്‍ സംവിധാനങ്ങളുമായി മണി എക്സ്ചേഞ്ചുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. യുഎഇ എക്സ്ചേഞ്ച് എക്സ്പേ ക്യാഷ് വാലറ്റ് സംവിധാനം ഏര്‍പ്പെടുത്തി. ഇതുവഴി സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. വാലെറ്റില്‍നിന്ന് മറ്റൊരു വാലറ്റിലേക്ക് പണമയക്കുന്നതിന് ചാര്‍ജില്ല. ബാങ്ക് അക്കൌണ്ടിലേക്ക് വേഗത്തില്‍ പണമയക്കാനുള്ള സൌകര്യവുമുണ്ട്.
Post a Comment
0 Comments