കാസര്‍കോട് (www.evisionnews.in): നോട്ടിനു വേണ്ടിയുള്ള നെട്ടോട്ടത്തിൽ കാസർകോട് ജില്ലയിലെ ജനജീവിതം സ്തംഭനത്തിൽ. നിര്‍മാണ– കാര്‍ഷിക മേഖലകളില്‍ പണി നിലച്ചു. വ്യാപാരമേഖലയിലെ സ്തംഭനം നാലാം ദിവസത്തിലേക്ക് കടക്കുന്നു. ജ്വല്ലറികളുള്‍പ്പെടെയുള്ള വലിയ കച്ചവടസ്ഥാപനങ്ങള്‍ അടച്ചിടുന്ന സ്ഥിതിയിലെത്തി. എടിഎമ്മുകള്‍ വെള്ളിയാഴ്ച പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ച് നൂറുകണക്കിനാളുകള്‍ രാവിലെതന്നെ വിവിധ എടിഎമ്മുകള്‍ക്ക് മുന്നിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുറന്നവയില്‍ പണവുമില്ലായിരുന്നു.
ബാങ്കുകളില്‍ വെള്ളിയാഴ്ചയും വലിയ ജനക്കൂട്ടമുണ്ടായി. പണം മാറ്റിയെടുക്കാനെത്തിയവരും നിക്ഷേപിക്കാനെത്തിയവരുമായിരുന്നു കൂടുതലും. മറ്റ് ഇടപാടുകളൊന്നും ബാങ്കുകളില്‍ നടക്കുന്നില്ല. ടെലിഫോണ്‍ ബില്ലടക്കാന്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് രാവിലെതന്നെ ബോര്‍ഡ് വച്ചു. ബാക്കി കൊടുക്കാന്‍ പണമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തത്.
സഹകരണ ബാങ്കുകള്‍ വെള്ളിയാഴ്ചയും പ്രവര്‍ത്തനരഹിതമായി. ജില്ലാ ബാങ്കില്‍നിന്ന് പ്രവര്‍ത്തിക്കാനാവശ്യമായ പണം നല്‍കാത്തതിനാല്‍ പ്രാഥമിക സംഘങ്ങള്‍ തുറന്നുവച്ചതല്ലാതെ ഇടപാടുകളൊന്നുമുണ്ടായില്ല. ശനിയാഴ്ച മുതല്‍ ജില്ലാ ബാങ്ക് ശാഖകള്‍ക്ക് നല്‍കുന്നതുപോലെ രണ്ടുലക്ഷം രൂപ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും നല്‍കുമെന്നാണ് പറയുന്നത്. എസ്ബിഐയില്‍നിന്ന് പണം കിട്ടിയാലേ ഇത് നടപ്പാകു. 10,000 രൂപ മാത്രമെ അക്കൌണ്ട് വഴി പിന്‍വലിക്കാന്‍ കഴിയൂവെന്നതും ജനങ്ങളെ വലയ്ക്കും. രണ്ടുലക്ഷം രൂപകൊണ്ട് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കാനാകില്ല.
കെട്ടിടം പണിയും കൃഷിപ്പണിയും നിര്‍ത്തിവച്ചതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ പട്ടിണിയിലേക്കാണ് നീങ്ങുന്നത്.
മീന്‍മാര്‍ക്കറ്റുകള്‍ പൂട്ടിയ നിലയിലാണ്. തൊഴിലാളികള്‍ കടലില്‍പോകാനും തയ്യാറാകുന്നില്ല. മീന്‍ വില്‍ക്കാനാവാതെ എന്തിന് കടലില്‍ പോകണമെന്നാണ് തൊഴിലാളികള്‍ ചോദിക്കുന്നത്. ഹോട്ടലുകളിലും കച്ചവടം കുത്തനെ കുറഞ്ഞു. വിദേശത്തുനിന്നുള്ള പണം വരവും നിലച്ചു. ഇങ്ങോട്ട് പണമയച്ചതുകൊണ്ട് പ്രയോജനമില്ലാത്തതിനാലാണിത്. മണി എക്സ്ചേഞ്ചുകളില്‍ പുതിയ നോട്ടുകള്‍ വളരെ കുറച്ചുമാത്രമാണുള്ളത്. ആവശ്യക്കാര്‍ക്ക് ചെക്ക് നല്‍കാമെന്നാണ് പറയുന്നത്. ചെക്കുമായി ബാങ്കില്‍ പോയാല്‍ പ്രയോജനമില്ലാത്തതിനാല്‍ ഇവിടങ്ങളിലെത്തുന്ന ഇടപാടുകാര്‍ നിരാശരായി മടങ്ങുകയാണ്.
പോസ്റ്റോഫീസില്‍ പണം മാറിക്കൊടുക്കുമെന്ന് അറിയച്ചതിനെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ ക്യൂ നിന്നെങ്കിലും കാസര്‍കോട് ഹെഡ്പോസ്റ്റോഫീസില്‍ വെള്ളിയാഴ്ച പണമെത്താത്തതിനാല്‍ ആളുകള്‍ ബഹളംവച്ച് മടങ്ങി.
അതിനിടെ നോട്ടുകള്‍ മാറ്റിനല്‍കാന്‍ ബാങ്കുകള്‍ അധികസമയം പ്രവര്‍ത്തിക്കുമെന്ന നിര്‍ദേശം കാറ്റില്‍പറത്തി ജില്ലയിലെ ചില ദേശീയ ബാങ്കുകള്‍. കാസര്‍കോട്ടും ചെറുവത്തൂരും കാഞ്ഞങ്ങാട്ടും ഇത്തരത്തില്‍ ചില ബാങ്കുകള്‍ നേരത്തെ പൂട്ടിയിട്ടു.
ചെറുവത്തൂര്‍ വിജയ ബാങ്ക് പകല്‍ 3.30ന് ശേഷം ഇടപാട് ഇല്ലെന്നുപറഞ്ഞു ബാങ്ക് മാനേജര്‍ ജനങ്ങളെ പുറത്തുനിര്‍ത്തി ഗ്രില്‍സ് പൂട്ടി. തിരക്ക് കണക്കിലെടുത്ത് രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ വൈകിട്ടും ആളുകളെത്തിയത്. അധികസമയം പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശമൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
Post a Comment
0 Comments