കാഞ്ഞങ്ങാട് (www.evisionnews.in): മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ ചെറുവത്തൂരിലെ ദമ്പതികള്‍ ചന്തേര പോലീസിന്റെ പിടിയില്‍. ചെറുവത്തൂര്‍ റെയില്‍വെസ്‌റ്റേഷന്‍ പരിസരത്തെ കുട്ടികളില്ലാത്ത ദമ്പതികളാണ് ഇവരെന്ന് പോലീസ് ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
പയ്യന്നൂരിലെ ആശുപത്രിയില്‍ വെച്ച് മൂന്നുമാസം പ്രായമുള്ള കുട്ടിയെ കടത്തിക്കൊണ്ടുപോയെന്നാണ് കേസ്. വനിതാ സി.ഐ. നിര്‍മ്മലക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തുടര്‍ന്ന് കേസ് ചന്തേര പൊലീസിന് കൈമാറുകയായിരുന്നു. കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ചെറുവത്തൂരിലെ ദമ്പതികളുടെ പക്കല്‍ നിന്ന് കുട്ടിയെ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുട്ടിയെ കാസര്‍കോട് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.
ചെറുവത്തൂരിലെ ദമ്പതികളെക്കുറിച്ചും പയ്യന്നൂരിലെ ആശുപത്രിയെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ആശുപത്രിയില്‍ വെച്ച് കുട്ടിയെ വില്‍പന നടത്തിയതാകാമെന്നും സംശയമുണ്ട്.
keywords:kasaragod-kanhangad-infant-kidnap-police-arrest

Post a Comment
0 Comments