Type Here to Get Search Results !

Bottom Ad

ജെ.സി.ഐ. മേഖലാ സമ്മേളനം കാസര്‍കോട്ട് ശനിയാഴ്ച തുടങ്ങും


കാസര്‍കോട് (www.evisionnews.in):   ജൂനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ (ജെ.സി.ഐ.) മേഖലാ -19ന്റെ വാര്‍ഷിക സമ്മേളനം 12, 13 തിയതികളിൽ  കാസര്‍കോട്ട് നടക്കും. മുൻസിപ്പൽ ടൗൺ  ഹാളിൽ 12ന് വൈകിട്ട് 5.30 മണിക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. വിശിഷ്ടാതിഥിയായിരിക്കും. മേഖലാ പ്രസിഡണ്ട് ടി.എം. അബ്ദുല്‍ മഹ്‌റൂഫ് അധ്യക്ഷത വഹിക്കും. ജെ.സി.ഐ. മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ. എ.വി. വാമന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജെ.സി.ഐ. മുന്‍ വേള്‍ഡ് വൈസ് പ്രസിഡണ്ട് എഞ്ചിനീയര്‍ അബ്ദുല്‍സലീം, മുന്‍ ദേശീയ പ്രസിഡണ്ട് സന്തോഷ് കുമാര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് അഡ്വ. ജോമി ജോസഫ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഡ്വ. ശ്രീധര്‍, കോണ്‍ഫറന്‍സ് ഡയറക്ടര്‍ കെ.സി. ഇര്‍ഷാദ് സംസാരിക്കും. ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ്മദ് സ്വാഗതവും മേഖലാ സെക്രട്ടറി പി. മുഹമ്മദ് സമീര്‍ നന്ദിയും പറയും. 

ജെ.സി.ഐ. ദേശീയതലത്തില്‍ ഒമ്പതാംതരം മുതല്‍ പ്ലസ്ടുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ടാലന്റ് സര്‍ച്ച് എക്‌സാമിനേഷനില്‍ മേഖലാതല ജേതാക്കള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും. കോണ്‍ഫറന്‍സിന്റെ ഭാഗമായി പുറത്തിറക്കുന്ന സോവനീറിന്റെ പ്രകാശനവും നടക്കും. ഈ വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച യൂണിറ്റുകള്‍ക്കും അംഗങ്ങള്‍ക്കുമുള്ള പുരസ്‌ക്കാര വിതരണം നടക്കും. കാലിക്കറ്റ് ഡ്രീം വീവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഡി ഫോര്‍ ഡാന്‍സ് ഫെയിം റമീസ്, മീഡിയാ വണ്‍ പതിനാലാം രാവ് അവതാരകയും പിന്നണി ഗായികയുമായ മേഘ്‌ന, അമൃത റിയാലിറ്റി ഷോ ഫെയിം അഭിജിത്ത് തുടങ്ങിയവര്‍ അണിനിരക്കുന്ന കലാവിരുന്നും ഉണ്ടാകും. മഴവില്‍ മനോരമ ഉഗ്രം ഉജ്വലം പരിപാടിയിലൂടെ ശ്രദ്ധേയനായ വിനോദ് ഒരുക്കുന്ന ജഗ്‌ളിങ്ങ് സാഹസിക പ്രകടനം മുഖ്യ ആകര്‍ഷണമാകും.

13ന് രാവിലെ ഒമ്പതരമണിക്ക് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടക്കും. ഉച്ചക്ക് പുതിയ മേഖലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. ഇത് മൂന്നാം തവണയാണ് മേഖലാ കോണ്‍ഫറന്‍സിന് ജെ.സി.ഐ. കാസര്‍കോട് ആതിഥ്യമരുളുന്നത്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, മാഹി പ്രദേശങ്ങളില്‍ നിന്ന് 1500 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുക്കും. 13ന് വൈകിട്ട് 5മണിക്ക് സമാപന സമ്മേളനം നടക്കുമെന്ന് കെ.സി ഇര്‍ഷാദ്, അബ്ദുല്‍ മഹ്‌റൂഫ്, മുജീബ് അഹ്മദ്, എ.കെ ശ്യാംപ്രസാദ്, ഹനീഫ് മുഹമ്മദ് പി.എം, എന്‍.എ അബ്ദുല്‍ഖാദര്‍, കെ. നാഗേഷ്, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad