Type Here to Get Search Results !

Bottom Ad

ആരാധനാലയങ്ങള്‍ പിക്നിക് സ്പോട്ടുകള്‍ തന്നെ: ജലീലിന്റെ ശബരിമലയാത്രയെ വിമര്‍ശിച്ച വി മുരളീധരനെതിരെ എം. സ്വരാജ് എം.എല്‍.എ


തിരുവന്തപുരം (www.evisionnews.in): മന്ത്രി കെ.ടി ജലീലിന്റെ ശബരിമലയാത്രയെ വിമര്‍ശിച്ച ബിജെപി നേതാവ് വി മുരളീധരനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ് എം.എല്‍.എ രംഗത്ത്. പല ആരാധനാലയങ്ങളും ഫലത്തില്‍ പിക്നിക്ക് സ്പോട്ടുകള്‍ തന്നെയാണ്. അതൊരിക്കലും പ്രസ്തുത ആരാധനാലയത്തിന്റെ ശോഭ കെടുത്തുന്നില്ലെന്നും മറിച്ച് പ്രശസ്തി വര്‍ധിപ്പിക്കുന്നതേയുള്ളൂവെന്നുമാണ് സ്വരാജിന്റെ വിശദീകരണം. ലോകത്തിലെ പല ആരാധനാലയങ്ങളിലും ഞാന്‍ പോയിടുണ്ട്. ഭക്തി പര്യവശ്യത്താല്‍ പ്രാര്‍ത്ഥിക്കാനായിട്ടല്ല എവിടേയും പോയത്. ആരും എന്നെ തടഞ്ഞിട്ടില്ല എന്നു മാത്രമല്ല ആരേയും തടയുന്നതും കണ്ടിട്ടില്ല. എല്ലാ ജാതി-മതത്തിലും പെട്ടവര്‍ക്കും ഒന്നിലും പെടാത്തവരുമായ സകലര്‍ക്കും കടന്നു ചെല്ലാന്‍ കഴിയുന്നവയായിരിക്കണം ആരാധനാലയങ്ങളെന്നും എം സ്വരാജ് അഭിപ്രായപ്പെട്ടു.

മുന്‍ സിമി പ്രവര്‍ത്തകന്‍ ഒരു നാള്‍ കുളിച്ച് മതേതരനായാല്‍ വിശ്വസിക്കില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കെ.ടി ജലീല്‍ ശബരിമലയെ വെറും പിക്നിക് സ്പോട്ടായി കണ്ടാണ് പോയതെങ്കില്‍ അത് ശരിയല്ലെന്നായിരുന്നു വി. മുരളീധരന്റെ ആരോപണം.

എം. സ്വരാജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

...ശ്രീ.വി. മുരളീധരന്‍ ക്ഷമിക്കണം. പല ആരാധനാലയങ്ങളും ഫലത്തില്‍ പിക്നിക് സ്പോട്ടുകള്‍ തന്നെയായിരുന്നു. ചിലയിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നല്‍കി പ്രവേശന ഫീസ് ഈടാക്കുന്നത് പോലും അപൂര്‍വമായിരുന്നില്ല. കേരളത്തിലെ മിക്ക സ്‌കൂളുകളില്‍ നിന്നും പുറപ്പെടുന്ന വിനോദയാത്രകളുടെ ലക്ഷ്യകേന്ദ്രങ്ങളില്‍ ഒരു ആരാധനാലയമെങ്കിലും ഉള്‍പ്പെടാറുണ്ട് എന്ന് സ്‌കൂളില്‍ പഠിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മൈസൂരിലെ പള്ളിയിലും പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തിലുമൊക്കെ കൗതുകത്തോടെ വരിവരിയായി നടന്നു നീങ്ങുന്ന സ്‌കൂള്‍ യൂണിഫോം ധാരികളായ കൊച്ചു മിടുക്കരുടെ നീണ്ട ക്യൂ ഇപ്പോഴുമെന്റെ മനസിലുണ്ടെന്നും സ്വരാജ് ഓര്‍മ്മപ്പെടുത്തുന്നു. അടഞ്ഞ വാതിലുകളും തടവിലാക്കപ്പെട്ട ദൈവങ്ങളുമുള്ള, ജനിച്ച മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ആരാധനാലയങ്ങളുണ്ടെങ്കില്‍ അവിടെയെല്ലാം ഇന്നല്ലെങ്കില്‍ നാളെ മാറ്റമുണ്ടാകുമെന്നും ഇരുളടഞ്ഞ ഇടനാഴികളില്‍ പ്രകാശം പരക്കുമെന്നും ഉറപ്പാണ്. ഒരു നാള്‍ മനുഷ്യര്‍ക്കൊക്കെയും പരസ്പരം തിരിച്ചറിയാനാവുമെന്നും സ്വരാജ് പറയുന്നു.

മുസ്ലിം പള്ളികളിലും ക്യസ്ത്യന്‍ ചര്‍ച്ചുകളിലും, ബുദ്ധവിഹാരങ്ങളിലും താന്‍ കടന്നു ചെല്ലുമെന്ന് ഒരിക്കല്‍ പറഞ്ഞത് സ്വാമി വിവേകാനന്ദനായിരുന്നു. വിശ്വാസത്തിന് മതത്തിന്റെ മേല്‍വിലാസം അത്യാവശ്യമല്ലെന്ന് ചിന്തിക്കാനൊക്കെ ചിലര്‍ക്ക് ഒരു ജീവിതകാലം മതിയാവാതെ വരുന്നത് ദു:ഖകരമാണന്നും സ്വരാജ് കുറ്റപ്പെടുത്തി. ആരാധനാലയങ്ങളില്‍ ഭീകരപ്രവര്‍ത്തകരോ അക്രമികളൊ താവളമാക്കുന്നുവെങ്കില്‍ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ. എല്ലാ ജാതിയിലും മതത്തിലും പെട്ടവരും ഒന്നിലും പെടാത്തവരുമായ സകല മനുഷ്യര്‍ക്കും കടന്നു ചെല്ലാന്‍ കഴിയുന്നവയായിരിക്കണം ആരാധനാലയങ്ങള്‍ ആരാധിക്കുവാന്‍ വരുന്നവര്‍ ആരാധിക്കട്ടെ. ചിത്രശില്‍പ കലാഭംഗി ആസ്വദിക്കാന്‍ വരുന്നവര്‍ അതാസ്വദിക്കട്ടെ. വാസ്തുശില്‍പ്പ രീതിയെയും പുരാവസ്തു മൂല്യത്തെയും കുറിച്ച് പഠിക്കാന്‍ വരുന്നവര്‍ പഠിക്കട്ടെ. ആരാധനക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്നേയുള്ളൂ. എല്ലാ മനുഷ്യരും ഒരുമിക്കുമ്പോള്‍ സ്നേഹത്തിന്റെയും നന്‍മയുടെയും പൂക്കള്‍ വിടരും. അതില്‍ അസ്വസ്ഥരാവുന്നവരെ നാം സൂക്ഷിക്കണമെന്ന ഓര്‍പ്പെടുത്തലോടെയാണ് സ്വരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. മുരളീധരന് മറുപടിയുമായി കെ.ടി ജലീലും നേരത്തെ രംഗത്ത് വന്നിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad