Type Here to Get Search Results !

Bottom Ad

നോട്ടുകള്‍ റദ്ദുചെയ്ത തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും: തോമസ് ഐസക്


തിരുവനന്തപുരം (www.evisionnews.in): നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കള്ളപ്പണം ആരും നോട്ടുകളായല്ല സൂക്ഷിക്കുന്നതെന്നും കീഴ്വഴക്കങ്ങളും പാരമ്പര്യവും ലംഘിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു.

സമ്പദ്ഘടന ബ്രേക്കിട്ട് നിര്‍ത്തിയ അവസ്ഥയിലായി. എന്ന് വീണ്ടും ചലിച്ചുതുടങ്ങുമെന്ന് അറിയില്ല. ഉത്പാദന മേഖലയില്‍ എത്ര നഷ്ടമുണ്ടാകുമെന്നും അറിയില്ല. സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളത്. കേന്ദ്രസര്‍ക്കാര്‍ നടപടി സഹിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ല. ഭ്രാന്തമായ തീരുമാനമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്റെ കൈയ്യില്‍ കുറച്ച് 500, 1000 നോട്ടുകളുണ്ട്. ഏതായാലും അത് ഉപയോഗിച്ച് നാളെ ഒന്നും വാങ്ങാന്‍ കഴിയില്ല. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഇല്ലാത്ത സാധാരണക്കാരന്‍ വെട്ടിലായതു തന്നെ. സമ്പദ്ഘടന പരിപൂര്‍ണ്ണ സ്തംഭനത്തിലാകും. ഏതാനും ദിവസം കഴിഞ്ഞാല്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലാകും. പക്ഷേ അതിനകം ഉണ്ടായ തിരിച്ചടി മറികടക്കാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള കള്ളനോട്ട് പിടിക്കാനാണ് ഈ നടപടിയെന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ട് ആഴ്ച ജനങ്ങള്‍ക്ക് സാവകാശം കൊടുത്തിരുന്നൂവെങ്കില്‍ ഈ കള്ളനോട്ട് വല്ലതും രക്ഷപെടുമായിരുന്നോ? മന്ത്രി ചോദിക്കുന്നു. പുതിയ നോട്ടിന് ബാങ്കില്‍ വരുമ്പോള്‍ കള്ളനോട്ടിനെ കണ്ടുപിടിക്കാം. അര്‍ദ്ധരാത്രി നോട്ടെല്ലാം റദ്ദാക്കിയതുകൊണ്ട് കൂടുതലായി ഒരു കള്ളനോട്ടും പിടിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad