കാസര്‍കോട്:(www.evisionnews.in) സുള്ള്യയില്‍ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനെതിരെ പോലീസ് കേസെടുക്കാനിടയായ സംഭവത്തെ കുറിച്ച് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണനില്‍ നിന്നാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ വിശദമായ റിപോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.സുള്ള്യ പോലീസ് തന്നെ മൂന്നാംമുറക്ക് വിധേയമാക്കിയെന്നാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആരോപിക്കുന്നത്.ഇത് സംബന്ധിച്ച് കാസർകോട് സി.ഐ അബ്ദുല്‍ റഹീമിന് പരാതിയും നൽകിയിട്ടുണ്ട്. സുള്ള്യ ബസ്റ്റാന്റില്‍ മദ്യപിച്ച് പരാക്രമംകാട്ടിയെന്ന് പറഞ്ഞ് ഞായറാഴ്ച വൈകിട്ട് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും, ഷൂ കൊണ്ട് ചവിട്ടുകയും സ്റ്റേഷനില്‍ വെച്ച് വെള്ളം ചോദിച്ചപ്പോള്‍ പെപ്സിയില്‍ മദ്യം കലര്‍ത്തി ബലമായി കുടിപ്പിച്ചെന്നും മജിസ്ട്രേറ്റ് പരാതിയിൽ പറയുന്നു. എന്നാൽ മജിസ്ട്രേറ്റ് മദ്യപിച്ച് പരാക്രമം കാണിച്ചു എന്ന് തന്നെയുള്ള നിലപാടിലാണ് സുള്ള്യ പോലീസ്. മജിസ്‌ട്രേറ്റിന്റെ ദേഹത്തുള്ള കാര്യമായ പരിക്ക് ദുരൂഹതയുണർത്തുന്നുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. ഹൈക്കോടതി ഇക്കാര്യത്തില്‍ നേരിട്ട് അന്വേഷണം നടത്തുമെന്നാണ് വിവരം. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റില്‍ നിന്നും ഇപ്പോള്‍ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. മജിസ്‌ട്രേറ്റിനെതിരെ രണ്ട് കേസുകളാണ് സുള്ള്യ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ പി സി സെക്ഷന്‍ 506 , ഐ പി സി സെക്ഷന്‍ 323 , ഐ പി സി സെക്ഷന്‍ 341, ഐ പി സി സെക്ഷന്‍ 504 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഒരു കേസും ഐ പി സി സെക്ഷന്‍ 332, 353 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.
keywords-sullia case-high demand from the magistrate-kasargod

Post a Comment
0 Comments