Type Here to Get Search Results !

Bottom Ad

സംസ്ഥാനത്തെ മത്സ്യ സമ്പത്ത് കുറയുന്നു: തുലാവര്‍ഷവും ചതിച്ചാല്‍ പ്രതിസന്ധി ഇരട്ടിയാകും


കൊച്ചി (www.evisionnews.in): സംസ്ഥാനത്ത് മത്സ്യ സമ്പത്ത് പകുതിയായി കുറഞ്ഞതായി റിപ്പോര്‍ട്ട്. കാലവര്‍ഷം വേണ്ടത്ര ശക്തിപ്പെടാതെ പോയതാണ് ഉപരിതല മീനുകളുടെ ലഭ്യതയെ ബാധിച്ചത്. തുലാവര്‍ഷവും ചതിച്ചാല്‍ പ്രതിസന്ധി കടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ചാളയുടെ ലഭ്യത ആറിലൊന്നായി കുറഞ്ഞു. മത്സ്യ സമ്പത്തില്‍ മൂന്നു വര്‍ഷത്തിനിടെ 82 ശതമാനം കുറഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മൊത്തം 4.82 ലക്ഷം ടണ്‍ മീന്‍ മാത്രമാണ് ലഭിച്ചത്. 94,000 ടണ്‍ മീനിന്റെ കുറവുണ്ടായി. 2014ല്‍ 5.76 ലക്ഷം ടണ്‍ മീന്‍ ലഭിച്ച സ്ഥാനത്താണിത്. മൂന്നു വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 10,000 കോടി രൂപയുടെ നഷ്ടമാണ് മേഖലയിലുണ്ടായിട്ടുള്ളത്. കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആര്‍.ഐയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2012ല്‍ റെക്കോഡ് ഉത്പാദനമുണ്ടായി മൂന്ന് വര്‍ഷം പിന്നിടുമ്പോഴേക്കും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഈ വര്‍ഷം ജനവരി മുതല്‍ ഒക്ടോബര്‍ വരെ കാര്യമായ മീന്‍ ലഭിച്ചിട്ടില്ല. ഒക്ടോബര്‍ മാസത്തില്‍ മാത്രമാണ് അല്പമെങ്കിലും പുരോഗതിയുണ്ടായത്.

ഒരു വര്‍ഷത്തിനിടെ തൊഴില്‍ദിനങ്ങളില്‍ 28.2 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്. നേരത്തെ പ്രതിവര്‍ഷം 165 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചിരുന്നത് കഴിഞ്ഞ വര്‍ഷം 120 ആയി കുറഞ്ഞു. ഈ വര്‍ഷം 90 തൊഴില്‍ ദിനങ്ങള്‍ പോലും ലഭിക്കാനിടയില്ലെന്ന് ശാസ്ത്രസമൂഹം തന്നെ ചൂണ്ടിക്കാട്ടുന്നു. വന്‍ തുക ചെലവാക്കി കൂറ്റന്‍ വള്ളങ്ങള്‍ കടലില്‍ ഇറക്കുന്ന പ്രവണത കൂടുന്നതിനാല്‍, മീന്‍ കുറയുമ്പോഴുണ്ടാകുന്ന നഷ്ടവും കനത്തതാകും. വള്ളം, വല നിര്‍മാണങ്ങള്‍ക്ക്് മാത്രം 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ചെലവാകുന്നത്. ഇതോടെ വിലക്കയറ്റവും ഉണ്ടാകും. 

ചെറുമീന്‍ പിടിത്തം തടയാന്‍ സംസ്ഥാനത്ത് നിയമം ഉണ്ടെങ്കിലും ഫലപ്രദമല്ല. മത്സ്യ സമ്പത്ത് കുറയുന്നത് തൊഴില്‍ സുരക്ഷ, ഭക്ഷ്യസുരക്ഷ, ആരോഗ്യ സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയ്‌ക്കൊക്കെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad