Type Here to Get Search Results !

Bottom Ad

ഫസല്‍ വധക്കേസില്‍ പുതിയ വഴിത്തിരിവ്; കൊന്നത് ഞങ്ങള്‍ തന്നെയെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി; 'കാരായിമാര്‍ക്ക് പങ്കില്ല'


കണ്ണൂര്‍ (www.evisionnews.in): തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ സിപിഐഎം നേതാക്കളായ കാരായിമാര്‍ കുറ്റക്കാരല്ലെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി. പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതി സുബീഷ് പൊലീസിന് നല്‍കിയ മൊഴിയിലാണ് താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിന്റെ വധത്തിന് പിന്നിലുളളതെന്ന് വ്യക്തമാക്കിയത്. സുബീഷിന്റെ മൊഴിയുടെ ശബ്ദരേഖയും വീഡിയോ തെളിവുകളും കണ്ണൂര്‍ പൊലീസ് മേധാവി ഡിജിപിക്കും മുഖ്യമന്ത്രിക്കും കൈമാറി. ഇതോടെ ഫസല്‍ വധക്കേസ് പുതിയ വഴിത്തിരിവിലായി.

സിബിഐ അന്വേഷിച്ച കേസാണ് ഫസല്‍ കൊലക്കേസ്. തുടര്‍ന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജന്‍, തലശേരി ഏരിയാകമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ടു സിപിഐഎം പ്രവര്‍ത്തകര്‍ ഇതില്‍ പ്രതികളാണെന്നും സിബിഐ കണ്ടെത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സിബിഐയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരായ തങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പടുവിലായി മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് ലഭിച്ച മൊഴി.

ഇരിങ്ങാലക്കുട സ്വദേശിയായ ആര്‍എസ്എസ് പ്രചാരകന്‍, ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് നേതാവ് ശശി, ഡയമണ്ട് മുക്കിലെ മനോജും പിന്നെ താനുമടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴി. 2014ല്‍ ചിറ്റാരിപ്പറമ്പ് പവിത്രന്‍ കൊലക്കേസിലും തങ്ങള്‍ക്ക് പങ്കുണ്ടെന്ന് സുബീഷ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. 

സിബിഐ അന്വേഷിച്ച് വിചാരണ നേരിടുന്ന കേസിലെ പ്രതികളായ കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് ഇപ്പോഴും വിലക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുളളതിനാല്‍ പിന്നീട് ഇവര്‍ രാജിവെക്കുകയും ചെയ്തു. എറണാകുളത്താണ് വര്‍ഷങ്ങളായി ഇരുവരും താമസിക്കുന്നത്.

2006 ഒക്റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെടുന്നത്. തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപമായിരുന്നു കൊലപാതകം നടന്നതും. സിപിഐഎം ബ്രാഞ്ച് അംഗമായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നിരുന്നു. ഫസല്‍ പാര്‍ട്ടി വിട്ടതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നും സിപിഐഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നുമായിരുന്നു പ്രധാന ആരോപണങ്ങള്‍. തുടര്‍ന്ന് സിബിഐ അന്വേഷിക്കുകയും സിപിഐഎം നേതാക്കളെയും പ്രവര്‍ത്തകരെയും കുറ്റക്കാരാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുകയായിരുന്നൂ.

keywords:kannur-fasal-murder-case-new-developments

Tags

Post a Comment

0 Comments

Top Post Ad

Below Post Ad