മുള്ളേരിയ (www.evisionnews.in): എന്റോസള്‍ഫാന്‍ ദുരിത ബാധിതരായ വിദ്യാര്‍ത്ഥികളുടെ പിതാവ് ജീവനൊടുക്കിയത് വായ്പ തിരിച്ചടക്കാന്‍ ബാങ്കില്‍ നിന്നു നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍. പെര്‍ള, വാണിനഗര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അറ്റന്ററും ബെള്ളൂര്‍ പഞ്ചായത്തിലെ കിന്നിംഗാറിലെ ചിപ്പിലക്കയ സ്വദേശിയുമായ ജഗന്നാഥ പൂജാരി (53)യാണ് മരിച്ചത്. ഞയറാഴ്ച്ച രാവിലെ തോട്ടത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ജഗന്നാഥയുടെ ജഢം വീട്ടുകാരാണ് കശുമാവിന്‍ കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
മക്കളായ ഹരികിരണ്‍ (20), ഹരിസ്മിത(19) എന്നിവര്‍ ജന്മനാ അന്ധരാണ്. അവര്‍ക്ക് അഞ്ചു ശതമാനം കാഴ്ച്ച ശക്തിയേ ഉള്ളൂ. എന്റോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയിലുള്ള ഇവരുടെ ചികിത്സക്കായി ലക്ഷകണക്കിനു രൂപ ചെലവഴിച്ചിരുന്നു. ബാങ്കുകളില്‍ നിന്നു വായ്പയെടുത്താണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. സാമ്പത്തിക പരാധീനതകള്‍ മൂലം വായ്പാ തുക തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കില്‍ നിന്നു അറിയിപ്പു വന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലായിരിക്കും ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.
എന്റോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ബെള്ളൂര്‍ പഞ്ചായത്തില്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ജഗന്നാഥയുടേത്.ഈ മാസം നാലിനു ബെള്ളൂരിലെ നാട്ടക്കല്ല് കലേരിയിലെ രാജീവി (60)വീട്ടില്‍ കെട്ടിത്തൂങ്ങി മരിച്ചിരുന്നു. എന്റോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയിലുള്ള രാജീവിക്കു പരിയാരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കു നിര്‍ദ്ദേശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ജീവനൊടുക്കിയത്.
keywords:kasaragod-mulleriya-endosulphan-father-suicide-because-of-bank-notice

Post a Comment
0 Comments