Type Here to Get Search Results !

Bottom Ad

ചികിത്സക്ക് വകയില്ലാതെ ജീവനൊടുക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ വീട് റവന്യൂ മന്ത്രി സന്ദര്‍ശിച്ചില്ല: പ്രതിഷേധം ശക്തം


കാസര്‍കോട് (www.evisionnews.in): തുടര്‍ചികിത്സക്ക് വകയില്ലാതെ ജീവനൊടുക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ബെള്ളൂര്‍ നാട്ടക്കല്‍ കലേരിയിലെ രാജീവിയുടെ വീട് ജില്ലക്കാരനായ റവന്യൂ മന്ത്രി സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധം കത്തുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പരേതനായ വിശ്വനാഥന്റെ ഭാര്യ രാജീവിയെ വീട്ടിനകത്ത് കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണം നടന്ന് രണ്ടുദിവസം ജില്ലയുടെ സ്വന്തം മന്ത്രി കാസര്‍കോട്ട് ഉണ്ടായിരുന്നിട്ടും രാജീവിയുടെ വീട് സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ല. സംഭവ ദിവസം ജില്ലയില്‍ വിവിധ പരിപാടികള്‍ പങ്കെടുത്ത മുഖ്യമന്ത്രി ഇതു സംബന്ധിച്ച് ഒരു വാക്ക് പോലും ഉരിയാടിയില്ലെന്നും ആക്ഷേപമുണ്ട്.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ളവര്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കുന്ന ദിവസമാണ് രാജീവി ആത്മാഹത്യ ചെയ്തത്. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടും മറച്ചുവെക്കുകയാണ് ഉണ്ടായതെന്നും മാധ്യമങ്ങളും സ്ഥലം എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും അടക്കമുള്ളവര്‍ ഇടപ്പെട്ടതിന് ശേഷമാണ് അധികൃതര്‍ തിരിഞ്ഞ് നോക്കിയതെന്നും യൂത്ത് ലീഗ് ജില്ലാ നേതൃത്വം ആരോപിച്ചു. ഇതിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള സര്‍ക്കാരിന്റെ സമീപനം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്.
മരണം നടന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇത് വരെ രാജീവിയുടെ വീട് സന്ദര്‍ശിക്കാത്ത എം.പിയുടെ നടപടിയും ഇക്കാര്യത്തിലുള്ള ഇടതു യുവജന സംഘടനകളുടെ മൗനവും സംശയാസ്പദമാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം പോലും വിളിച്ചു ചേര്‍ക്കാത്തത് ദുരിതബാധിതരോടുള്ള കടുത്ത അനീതിയാണെന്നും മരണപ്പെട്ട രാജീവിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെ കുറിച്ച് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.


Post a Comment

0 Comments

Top Post Ad

Below Post Ad