തിരുവനന്തപുരം (www.evisionnews.in): കേരളം പിറവിയെടുക്കുന്നതിനും മുമ്പെ ആരംഭിച്ച സുപ്രധാന ദൗത്യമായ മലയാള മഹാനിഘണ്ടു പണിപ്പുരയില്‍ തന്നെ. 1953 ജൂലൈ മാസത്തില്‍ ആരംഭിച്ച നിഘണ്ടുവാണ് കേരള സര്‍വകലാശാലയുടെ ഫയലുകള്‍ക്കിടയില്‍ പൊടി മൂടിക്കിടക്കുന്നത്. ലക്ഷ്യമിട്ട പന്ത്രണ്ടു വാല്യങ്ങളില്‍ ഇതുവരെയായി പൂര്‍ത്തിയാക്കാനായത് ഒമ്പതെണ്ണം മാത്രം. അതേസമയം ദൗത്യ നിര്‍വഹണത്തിനും മറ്റുമായി 500 കോടി രൂപയോളം രൂപ ചെലവഴിച്ചു കഴിഞ്ഞുവെന്നാണ് കണക്കുകള്‍.
മലയാളത്തിനായി പ്രത്യേക നിഘണ്ടു വേണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് 1953 ജൂലൈയില്‍ തിരുവിതാംകൂര്‍-കൊച്ചി സര്‍ക്കാരും തിരുവിതാംകൂര്‍ സര്‍വകലാശാലയും (ഇപ്പോള്‍ കേരള സര്‍വകലാശാല) മലയാളത്തില്‍ ഒരു മഹാനിഘണ്ടു നിര്‍മിക്കാനുള്ള നടപടി ആരംഭിച്ചത്. ഒരു ഭാഷയിലെ എല്ലാ വാക്കുകളും നിഘണ്ടുവില്‍ കാണണം, ഒരു വാക്കിനെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം അതില്‍ ഉണ്ടാകണം - ഇതായിരുന്നു ലക്ഷ്യം.
ഡോ. ശൂരനാട് കുഞ്ഞന്‍ പിള്ളയെ എഡിറ്ററായി നിയമിച്ചു. 35 ലക്ഷം വാക്കുകള്‍ ചേര്‍ത്ത് ശൂരനാട് കുഞ്ഞന്‍പിള്ള നിഘണ്ടുവിന്റെ ആദ്യ വാല്യത്തിന്റെ കരടുണ്ടാക്കി. 1965 ല്‍ മലയാള അക്ഷരമാലയിലെ ആദ്യ അക്ഷരമായ അ യില്‍ തുടങ്ങുന്ന പദങ്ങളുള്‍പ്പെടുത്തി നിഘണ്ടുവിന്റെ ആദ്യ വാല്യമിറങ്ങി. പിന്നീട്, 1970 ല്‍ ഒരു വാല്യം കൂടി ഇറങ്ങി. ശൂരനാട് കുഞ്ഞന്‍പിള്ള വിരമിച്ചശേഷം വന്ന കെ.വി നമ്പൂതിരിപ്പാട് മൂന്നാം വാല്യം 1976ല്‍ പ്രസിദ്ധീകരിച്ചു. അതിനുശേഷം വന്ന ഡോ. ബി.സി. ബാലകൃഷ്ണന്‍ 1988 വരെയുള്ള കാലയളവില്‍ മൂന്നു കോടി കാര്‍ഡുകള്‍ തയാറാക്കി, മൂന്നു വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് 97 ലും 2009 ലും 2011 ലും ഓരോ വാല്യങ്ങള്‍ പുറത്തിറങ്ങി. അതിനുശേഷം ഒരു വാല്യവും പുറത്തിറങ്ങിയിട്ടില്ല. നിഘണ്ടു തയാറാക്കാനായി ഇപ്പോള്‍ ഒരു മുഴുവന്‍സമയ എഡിറ്ററില്ല. ഉള്ള ജീവനക്കാര്‍ക്കു നിഘണ്ടു തയാറാക്കുന്നതില്‍ അനുഭവപരിചയവുമില്ല.


Post a Comment
0 Comments