കോഴിക്കോട് (www.evisionnews.in):ശനിയാഴ്ച രാത്രി സമാപിച്ച സംസ്ഥാന സമ്മേളന റാലിക്ക് പിന്നാലെ നേരം പുലരും മുമ്പ് സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെ മാലിന്യങ്ങള്‍ യൂത്ത് ലീഗ് നീക്കം ചെയ്ത് യൂത്ത്‌ലീഗ് ശുചിത്വ ബോധത്തിന്റെ പുതു പാഠം രചിച്ചു. കോഴിക്കോട് ബീച്ചില്‍ ആയിരങ്ങൾ പങ്കെടുത്ത സംസ്ഥാന സമ്മേളന വേദിയും പരിസരവുമാണ് അര്‍ദ്ധരാത്രിതന്നെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് വൃത്തിയാക്കിയത്.
നേതാക്കളും പ്രവര്‍ത്തകരുമടക്കം ഒട്ടേറെ പേര്‍ ചേര്‍ന്നാണ് സംസ്ഥാന സമ്മേളനം അവസാനിച്ച രാത്രി വെളുക്കും മുന്നെ കിലോമീറ്ററുകള്‍ ദൂരമുളള കോഴിക്കോട് കടപ്പുറം വൃത്തിയാക്കിയത്. ആയിരക്കണക്കിന് പേര്‍ വന്നുപോയ സമ്മേളന നഗരിയിലെ മാലിന്യങ്ങള്‍ നേരം പുലരുന്നതിന് മുന്‍പ് നീക്കം ചെയ്യുമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലിക്ക് ഉറപ്പ് നല്‍കിയിരുന്നതായും അത് പാലിച്ചതായും സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി. ഇതൊരു മേനിപറച്ചിലായി കണക്കാക്കരുത്. സമ്മേളനം സമാപിക്കുമ്പോള്‍ കിലോമീറ്ററുകള്‍ ദൂരമുള്ള കോഴിക്കോട് കടപ്പുറത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു.
എന്നാല്‍ ആ വെല്ലുവിളി ഏറ്റെടുത്തെന്നും ഒട്ടനവധിപേര്‍ ഈ ദൗത്യത്തില്‍ പങ്കാളികളായെന്നും ഫിറോസ് അറിയിച്ചു.തുടക്കം മുതല്‍ അവസാനം വരെ ഈ ദൗത്യത്തില്‍ പങ്കെടുത്തവരെയും ഇടക്ക് വന്നുപോയവരെയും എല്ലാവരെയും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നതായും ഫിറോസ് വ്യക്തമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നേരത്തെ സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തുന്ന റാലി യൂത്ത് ലീഗ് ഇത്തവണ വേണ്ടെന്ന് വച്ചിരുന്നു. സെപ്റ്റംബറില്‍ ബിജെപിയുടെ ദേശീയ കൗണ്‍സില്‍ കോഴിക്കോട് കടപ്പുറത്ത് സമാപിച്ചതിന്‌ശേഷം സമ്മേളന നഗരിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയതും ഇത് ഫെയ്‌സ്ബുക്ക് വീഡിയോ വഴി പ്രചരിച്ചതും നേരത്തെ ചര്‍ച്ചയായിരുന്നു.
keywords:kerala-kozhikode-youth-league-clean-beach


Post a Comment
0 Comments