Type Here to Get Search Results !

Bottom Ad

എന്‍മകജെയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച എട്ടിന്: ഇടത്പക്ഷം തുണച്ചാല്‍ ബി.ജെ.പിക്ക് അധികാരം നഷ്ടമാകും


പെര്‍ള (www.evisionnews.in) : എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനുമെതിരെ യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ എട്ടിന് ചര്‍ച്ച നടക്കും. ഒമ്പതിനാണ് വോട്ടെടുപ്പ്. അവിശ്വാസത്തെ ഇടതുപക്ഷം പിന്തുണച്ചാല്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടും. പ്രമേയ അവതരണത്തിനും വോട്ടെടുപ്പിനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇടത്പക്ഷത്തിന്റെ പിന്തുണനേടാന്‍ യു.ഡി.എഫ് തിരക്കിട്ട രാഷ്ട്രിയ നീക്കങ്ങള്‍ നടക്കുന്നതായാണ് സൂചന. പിന്തുണക്കായി എല്‍ഡിഎഫ് പ്രമുഖരുമായി അനൗദ്യോഗിക ചര്‍ച്ചകളും നടക്കുന്നുണ്ട്. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് താഴെയിറക്കാനുള്ള അവസരം എന്തുവിലകൊടുത്തും മുതലാകണമെന്ന അഭിപ്രായം എല്‍.ഡി.എഫിലെ ഒരു വിഭാഗത്തിനുണ്ട്. ഇതിന് മുമ്പും എന്‍മകജെയില്‍ ഇടത് സഹകരണം ഉണ്ടായിട്ടുണ്ട്. 

പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ യു.ഡി.എഫ് നടത്തിയ സമരങ്ങള്‍ക്ക് എല്‍.ഡി.എഫിന്റെ പരോക്ഷ പിന്തുണയും ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബി.ജെ.പിയെ താഴെയിറക്കാന്‍ ഏത് വിട്ടുവീഴ്ച്ചക്കും തയാറാകണമെന്നും മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃപരമായ പങ്കുവയ്ക്കണമെന്ന സമ്മര്‍ദം യു.ഡി.എഫില്‍ ശക്തമാണ്. മതേതര പാര്‍ട്ടികള്‍ പൊതുരാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം പ്രായോഗിക നിലവാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. അതിനിടെ ബി.ജെ.പിക്കെതിരെ എല്‍.ഡി.എഫിലെ ഒരു വിഭാഗം മൃദുസമീപനം സ്വീകരിക്കുന്നതായും വിവരമുണ്ട്. ഏതായാലും ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ സി.പി.എം കുമ്പള ഏരിയ കമ്മിറ്റി, എന്‍മകജെ, കാട്ടുകുക്കെ ലോക്കല്‍ കമ്മിറ്റികളുടെ സംയുക്ത യോഗം ആറിന് തീരുമാനിച്ചിരിക്കുകയാണ്. 

അതേസമയം പ്രതിപക്ഷങ്ങളുടെ ഒറ്റക്കെട്ടായുള്ള രാഷ്ട്രീയ നീക്കത്തെ സൂക്ഷ്മമായാണ് ബി.ജെ.പി നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ എന്‍മകജെയിലെ രാഷ്ട്രീയ വടംവലി വലിയ കൗതുകത്തോടെയാണ് ജില്ല ഉറ്റുനോക്കുന്നത്. നിലവില്‍ കാസര്‍കോട് ജില്ലയിലെ നാലു പഞ്ചായത്തുകള്‍ ബിജെപിയുടെ കയ്യിലാണ്. എന്‍മകജെക്ക് പുറമെ കാറഡുക്ക, ബെള്ളൂര്‍, മധൂര്‍ പഞ്ചായത്തുകളിലാണ് ബി.ജെ.പി ഭരണത്തിലുളളത്. എന്‍മകജെ കൈവിട്ടാല്‍ നാല് മുന്നായി ചുരുങ്ങും. എന്‍മകജെയില്‍ നിലവിലുള്ള 17 സീറ്റില്‍ ബി.ജെ.പി ഏഴ്, യു.ഡി.എഫ് ഏഴ്, എല്‍.ഡി.എഫിന് മൂന്ന് മെമ്പര്‍മാരാണുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad