Type Here to Get Search Results !

Bottom Ad

നോട്ടുകൾ മാറാൻ ബാങ്കുകളിൽ വൻതിരക്ക്: വിപണി ആലസ്യത്തിൽ; കൊച്ചിയിൽ പെട്രോൾ ബങ്കുകൾ അടച്ചു

തിരുവനന്തപുരം (www.evisionnews.in): 500, 1000 രൂപ കറൻസി നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച അടച്ചിട്ട ബാങ്കുകള്‍ ഇന്നു തുറന്നു. ബാങ്കുകളിൽ പണം മാറാനും നിക്ഷേപിക്കാനുമെത്തുന്നവരുടെ നീണ്ട ക്യൂവാണ്. പോസ്റ്റ് ഓഫിസുകളിലും നിരവധിപേർ എത്തിയിട്ടുണ്ട്. എസ്ബിടി, എസ്ബിഐ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ എല്ലാ ബാങ്കുകളും നോട്ടുകൾ മാറുന്നതിനു പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇന്ന് എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. പുതിയ നോട്ടുകൾ നൽകാൻ ബാങ്കുകൾക്കു സൗകര്യം ഒരുക്കുന്നതിനുവേണ്ടിയാണ് ഇന്നലെ ബാങ്കുകൾ അടച്ചിട്ടത്.

അതേസമയം, കൈയിലുള്ള 500, 1000 നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കില്‍ നിക്ഷേപിക്കാമെങ്കിലും നിശ്ചിത തുകയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരെ ധനമന്ത്രാലയം നിരീക്ഷിക്കും. രണ്ടര ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കാനാണു തീരുമാനം. ഇവ വരുമാനവുമായി ഒത്തുനോക്കി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ആദായനികുതിക്കു പുറമെ 200% പിഴ ഈടാക്കാനാണു തീരുമാനം.

നിയമം കര്‍ശനമാക്കിയതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അനധികൃതമായി കൈവശം പണം സുക്ഷിച്ചിരുന്നവര്‍. പുതിയ നിയമം വന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഇന്നലെ നോട്ടുകെട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചിലയിടങ്ങളില്‍ നോട്ടുകള്‍ കീറിയെറിഞ്ഞ നിലയിലും കത്തിച്ച നിലയിലുമാണ്.

അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ തുഗ്ലക്ക് പരിഷ്‌കാരത്തെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ രണ്ടാംദിവസവും വലയുകയാണ്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചില ബാങ്കുകളില്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, ചില്ലറ തര്‍ക്കങ്ങളെത്തുടര്‍ന്ന് കൊച്ചിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചു. പെട്രോള്‍ സ്‌റ്റോക്ക് തീര്‍ന്നതും ചില്ലറക്ഷാമവും മൂലം ജില്ലയില്‍ 40 പമ്പുകളാണ് അടച്ചത്. മിക്ക പമ്പുകളിലും പെട്രോളില്ല എന്ന ബോര്‍ഡ് തൂക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പെട്രോളടിക്കാനെത്തിവരും പമ്പു ജീവനക്കാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായി എത്തുന്നവരോട് മുഴുവന്‍ തുകയ്ക്കും ഇന്ധനമടിക്കാനാണ് ഇന്നലെ വൈകിട്ട് വരെ പെട്രോള്‍ പമ്പുടമകള്‍ ആവശ്യപ്പെട്ടത്.

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണ വ്യാപാര മേഖലകളെ സാരമായി ബാധിക്കുന്നുണ്ട്. ചെക്ക്, ഡ്രാഫ്റ്റ് എന്നിവയേക്കാള്‍ നേരിട്ട് പണം നല്‍കിയാണ് ഭൂമി ഇടപാടുകള്‍ ഏറെയും നടക്കുന്നത്. നോട്ടുകള്‍ അസാധുവാക്കിയതോടെ ഇത്തരം ഇടപാടുകള്‍ സ്തംഭനാവസ്ഥയിലാണ്. ചില്ലറ ക്ഷാമത്തെത്തുടര്‍ന്ന് റെയില്‍വെ, മെഡിക്കല്‍ ഷോപ്പുകള്‍, ഹോട്ടല്‍, ബസ് ഗതാഗതം ഇന്നും സ്തംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad