ചിറ്റാരിക്കാല്‍ (www.evisionnews.in): യുവതിയെ പ്രണയിച്ചു വിവാഹം ചെയ്ത യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യകണ്ണിയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.കെ.പ്രഭാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ആലക്കോട് സ്വദേശിയായ സിബിയെ കരിപ്പൂരില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.
മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാന്‍ ഹൈക്കോടതി സിബിക്ക് രണ്ടാഴ്ച സമയം അനുവദിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ഇയാളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
കമ്പല്ലൂര്‍ സ്വദേശിനിയായ സമ്പന്നകുടുംബത്തിലെ യുവതിയെ കണ്ണൂര്‍ കക്കോട്ടെ വിനീഷ് പ്രണയിച്ചു വിവാഹം ചെയ്യുകയായിരുന്നു. ഇതില്‍ പ്രകോപിതരായ യുവതിയുടെ അടുത്ത ബന്ധുവാണ് ക്വട്ടേഷന്‍ നല്‍കിയത്. വിനീഷിന്റെ ബൈക്കില്‍ കഞ്ചാവ് ഒളിപ്പിച്ചുവച്ച് ക്വട്ടേഷന്‍ സംഘം എക്സൈസിന് രഹസ്യവിവരം നല്‍കി.
തുടര്‍ന്ന് സ്ഥലത്തെത്തിയ എക്സൈസ് സംഘം കഞ്ചാവ് പിടിച്ചെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിറ്റേദിവസമാണ് യുവാവിന് ജാമ്യം ലഭിച്ചത്. നിരപരാധിയായ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു വിനീഷ് പരാതി നല്‍കി.
തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു വിടുകയായിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. അഞ്ചുലക്ഷം രൂപയ്ക്ക് യുവതിയുടെ അടുത്ത ബന്ധുവാണ് സിബിക്ക് ക്വട്ടേഷ ന്‍ നല്‍കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അറസ്റ്റ് ഭയന്ന സിബി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. കേസിലെ മറ്റു പ്രധാന പ്രതികളെയെല്ലാം നേരത്തേ തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ഡിവൈഎസ്പിക്ക് പുറമെ എസ്ഐ ജനാര്‍ദനന്‍, എഎസ്ഐ വികാസ്, സുഗതന്‍, ഉണ്ണിക്കൃഷ്ണന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുമേഷ്, രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Post a Comment
0 Comments