തിരുവനന്തപുരം (www.evisionnews.in): കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി ആറാംദിനത്തിലേക്ക് കടക്കുമ്പോള്‍ ജനം കൂടുതല്‍ ദുരിതത്തില്‍. ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിച്ചെങ്കിലും ജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഭൂരിഭാഗം എടിഎമ്മുകളിലും പണമില്ലാത്തത് ഇടപാടുകാര്‍ക്ക് നരകയാതനയായി. മണിക്കൂറുകള്‍ കാത്തിട്ടും പലര്‍ക്കും രണ്ടായിരം രൂപ മാത്രമാണ് ബാങ്കില്‍നിന്ന് നല്‍കിയത്. പ്രഖ്യാപിച്ച പണം ലഭിക്കാതായതോടെ ജീവനക്കാരും ജനങ്ങളുംതമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. ബാങ്കുകളില്‍ ആവശ്യത്തിന് പണം ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ആവശ്യത്തിന് പണം ലഭിക്കാത്തതിനാല്‍ പോസ്റ്റ് ഓഫീസുകളിലെ നടപടിക്രമങ്ങളും താളംതെറ്റി.
മെഡി. കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലെത്തുന്ന രോഗികള്‍ ചികിത്സയ്ക്ക് നല്‍കാന്‍ പണമില്ലാതെ വലഞ്ഞു. പഴയ നോട്ടുകള്‍ സ്വീകരിക്കാത്തതിനാല്‍ പല ആശുപത്രികളും ഡിസ്ചാര്‍ജ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ഫാര്‍മസികളിലും പഴയ നോട്ടുകള്‍ സ്വീകരിക്കാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും വലയ്ക്കുന്നു.
ജനങ്ങളുടെ കൈയില്‍ പണമെത്താത്തതോടെ വ്യാപാര വാണിജ്യ മേഖല നിശ്ചലമായി. ചരക്ക് വരവ് പാതിയായി കുറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വരവ് കുറയുന്നത് ഭക്ഷ്യക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിക്കും. ചരക്ക് വന്നാലും ലോറിക്കാര്‍ക്ക് വാടക നല്‍കുന്നതുള്‍പ്പെടെ പ്രതിസന്ധിയിലാണെന്ന് വ്യാപാരികള്‍ പറഞ്ഞു. ചെറുകിട വ്യാപാരമേഖല സ്തംഭനാവസ്ഥയിലാണ്. ചൊവ്വാഴ്ചമുതല്‍ ഒരുവിഭാഗം വ്യാപാരികള്‍ കടകള്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നില തുടരുകയാണെങ്കില്‍ അടച്ചിടേണ്ടിവരുമെന്നാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളും പറയുന്നത്. പല ഹോട്ടലുകളും ഇപ്പോള്‍ത്തന്നെ അടച്ചിരിക്കയാണ്. ലോഡ്ജുകളും കാലിയായി. ടൂറിസംമേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. കൂലി കൊടുക്കാന്‍ പണമില്ലാത്തതിനാലും നിര്‍മാണ സാമഗ്രികള്‍ വാങ്ങാന്‍ കഴിയാത്തതിനാലും കെട്ടിടനിര്‍മാണ മേഖലയിലും സ്തംഭനാവസ്ഥ.
keywords-kerala-thiruvananthapuram-facing-financial-crisis

Post a Comment
0 Comments