തെലങ്കാന (www.evisionnews.in): ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കുഷ്ഠരോഗിയായ യാചകന്‍ ഭാര്യയുടെ മൃതദേഹം ഉന്തുവണ്ടിയില്‍ കിടത്തി തള്ളിക്കൊണ്ടുപോയത് 60 കിലോമീറ്റര്‍. ഹൈദരാബാദ് നഗരത്തിലെ ക്ഷേത്രപരിസരത്തു ഭിക്ഷ യാചിച്ചു വന്ന രാമുലു (53)വിനാണ് ഭാര്യ കവിത (46)യുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഉന്തുവണ്ടിയില്‍ കിടത്തിതള്ളേണ്ടിവന്നത്. തുടര്‍ന്ന് റോഡരികില്‍ തളര്‍ന്നുവീണ രാമലുവിനെ കണ്ട പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഭാര്യ കവിതയും കുഷ്ഠരോഗ ബാധിതയായിരുന്നു.
നഗരത്തിലെ റെയില്‍വേസ്റ്റേഷനില്‍ വെച്ചാണ് കവിത മരിച്ചത്. സ്വദേശമായ സങ്കാറെഡ്ഡി ടൗണിലേക്ക് മൃതദേഹം എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ 5000 രൂപയാണ് രാമുലുവിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആയിരം രൂപപോലും തികച്ചെടുക്കാനില്ലാത്തതിനാല്‍ മൃതദേഹം ഉന്തുവണ്ടിയിലാക്കി രാമലു നടത്തം ആരംഭിച്ചു. തുടര്‍ന്ന് രാത്രിയില്‍ ഇദ്ദേഹത്തിന് വഴി തെറ്റുകയും 60 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ടൗണായ വികാരാബാദില്‍ എത്തിച്ചേരുകയുമായിരുന്നു.
തളര്‍ന്നു വീണ്, റോഡരികില്‍ ഇരുന്ന് പണത്തിനായി കരഞ്ഞ രാമുലുവിന്റെ കഥ ചോദിച്ചറിഞ്ഞ പ്രദേശവാസികള്‍ വികാരാബാദ് ടൗണ്‍ സബ് ഇന്‍സ്പെക്ടര്‍ രവിയെ വിവരം അറിയിച്ചു. തുടര്‍ന്ന് രമേശ് കുമാര്‍ എന്ന അഭിഭാഷകന്റെ സഹായത്തോടെ പോലീസ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നടപടികളെടുക്കുകയായിരുന്നു.

Post a Comment
0 Comments