തിരുവനന്തപുരം :(www.evisionnews.in) സ്വാശ്രയപ്രശ്‌നത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു. ഇന്നത്തേയും നാളത്തെയും നടപടികള്‍ വെട്ടിച്ചുരുക്കിയാണ് സഭ പിരിഞ്ഞത്. ഇനി 17 ന് മാത്രമേ സഭ ചേരുകയുള്ളൂ. നടപടികള്‍ വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ സ്വാശ്രയമാനേജ്‌മെന്റുകള്‍ക്ക് കീഴ്‌പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വാശ്രയ കരാറില്‍ നിര്‍ദേശങ്ങളില്ലെന്ന് മാനേജ്‌മെന്റുകളാണ് പറഞ്ഞത്. കരാറില്‍ നിന്നു പിന്മാറാനാവില്ലെന്ന് മാനേജ്‌മെന്റുകള്‍ നിലപാടെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. സര്‍ക്കാരിനു നിര്‍ദേശങ്ങളില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. തന്റെ പിടിവാശിയല്ല ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരും മുന്നണിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ സഭ സമ്മേളിച്ച ഉടന്‍ തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസ്സിനു മുന്നിലും പ്ലക്കാര്‍ഡുകളുമേന്തി മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.
ഒരു വിഷയത്തില്‍ സഭ തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. നിര്‍ഭാഗ്യകരമായ സംഭവമാണ് നടക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിവിധ ധനാഭ്യര്‍ത്ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ശക്തമായ അഭിപ്രായം രേഖപ്പെടുത്താവുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ കടുംപിടുത്തമാണ് ഇന്നലെ നടന്ന സ്വാശ്രയ മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവെച്ച സ്പീക്കര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് സഭ സമ്മേളിച്ചപ്പോഴാണ് നടപടികള്‍ വെട്ടിച്ചുരുക്കി സഭ പിരിയുന്നതായി മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്.

Post a Comment
0 Comments