പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം മത്സരത്തില്‍ പൂനെ എഫ്സിയ്ക്ക് എതിരെ മുംബൈ സിറ്റിയ്ക്ക് ജയം. പൂനെയുടെ തട്ടകത്ത് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ സിറ്റിയുടെ വിജയം. വിദേശ താരം മാത്തിയാസാണ് മുംബെയുടെ വിജയഗോള്‍ നേടിയത്.
മത്സരത്തിന്റെ അവസാന നിമിഷം വരെ സമനില ഗോള്‍ നേടാന്‍ പൂനെ താരങ്ങള്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷങ്ങിലെ പാളിച്ചകള്‍ വിനയാവുകയായിരുന്നു. മൂന്നാം വരവില്‍ തങ്ങളുടെ തലവര മാറ്റാന്‍ കച്ചകെട്ടിയാണ് മുംബൈയും പൂനെയും മത്സരത്തിന് ഇറങ്ങിയത്. ഉറുഗ്വയുടെ ഡീയേഗോ ഫോര്‍ലാന്റെ സാന്നിധ്യമായിരുന്നു മത്സരത്തിന്റെ പ്രധാന ആകര്‍ഷണം.
എന്നാല്‍ സ്വന്തം മൈതാനത്ത് പൂനെയുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളില്‍ അല്‍പം പതറിയെങ്കിലും 20 മിനിറ്റോടെ മുംബൈ പന്തടക്കം കൈവരിച്ച് അച്ചടക്കം പാലിക്കുകയായിരുന്നു. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഫോര്‍ലാന്‍ നടത്തിയ നീക്കം ഗോളെന്നുറപ്പിച്ചെങ്കിലും പൂനെ താരം ക്രിഷ്യന്‍ വാഡോക്കിന്റെ അവസരത്തിനൊത്ത പ്രതിരോധം മുംബൈയുടെ സാധ്യതയെ നിരാശപ്പെടുത്തുകയായിരുന്നു.
മത്സരത്തിന്റെ 69 ആം മിനിറ്റിലാണ് മുംബൈ സിറ്റിയുടെ വിജയഗോള്‍ നേട്ടം സാധ്യമായത്. സൂപ്പര്‍താരം ഡിയേഗോ ഫോര്‍ലാന്റെ പാസില്‍ ഇടം കാലന്‍ കിക്കിലൂടെ നിറയൊഴിച്ച മാറ്റിയാസ് ഡിഫെഡറിക്കോ, പൂണെയുടെ വല ചലിപ്പിക്കുകയായിരുന്നു. ഗോള്‍മടക്കാന്‍ പൂനെ നിരന്തരം ശ്രമിച്ചെങ്കിലും പ്രതിരോധ മതില്‍ തീര്‍ത്ത് എഡല്‍ ബേറ്റൊ മുംബൈയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

Post a Comment
0 Comments