ഖയ്യൂം മാന്യ
പ്രാർത്ഥനകൾക്ക് അങ്ങനെ ഫലം കണ്ട് തുടങ്ങുകയാണ്. നമ്മുടെ ഐക്യദാർഢ്യത്തിന്റെ കൈ പിടിച്ച് അവൻ, കാൽപന്ത് കളിയുടെ അത്ഭുതലോകത്ത് നിന്ന് അപകടത്തിന്റെ ദുരന്തമുഖത്തേക്ക് വീണ് പോയ ഷിഫാറത്ത്, ജീവിതത്തിലേക്ക് നടന്ന് വരാൻ ഒരുങ്ങുകയാണ്. ഷിഫാറത്തിനെ സ്വപ്‌നങ്ങളിലേക്ക് മടക്കി കൊണ്ട് വരണമെന്ന ഖലീൽ സാറിന്റെ ആഹ്വാനം കേൾക്കേണ്ട താമസം, വ്യക്തിപരമായ സങ്കടങ്ങളെല്ലാം മറന്ന് നാടൊന്നിക്കുകയാരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടന്ന കുമ്പള അക്കാഡമിയിലെ പൂർവ്വവിദ്യാർത്ഥികളെല്ലാം പറഞ്ഞു, നീ തനിച്ചല്ല ഞങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലമെന്ന്.. വാട്‌സ്‌ആപ്പ് ഗ്രൂപ്പുകൾ പിറവിയെടുത്തു, സ്വന്തം അനുജന് വേണ്ടിയെന്ന പോലെ അവർ തങ്ങൾക്കാവുന്ന പണം മാറ്റിവെച്ചു.. ചിലർ നാട്ടിലെ പള്ളിയിൽ വെള്ളിയാഴ്‌ച്ച ബക്കറ്റും പിടിച്ച് നിന്നു, അസംഖ്യം ക്ലബ്ബുകൾ തങ്ങളുടെ വിഹിതം നീക്കി വെച്ചു..
എനിക്കറിയാം.. സാധാരണക്കാർ മാത്രം പഠിക്കുന്ന സ്ഥാപനമാണ് അക്കാഡമിയെന്ന്.. യൂണിഫോമെന്ന് പിന്നിത്തുടങ്ങിയാൽ പകരം വെക്കാൻ മറ്റൊന്നില്ലാതെ വർഷം തികയ്‌ക്കുന്നവർ ആ കൂട്ടത്തിലുണ്ടെന്ന്.. അവരിൽ പലരും ഫീസ് പോലും നൽകാതെയാണ് വർഷങ്ങളായി ഇവിടെ പഠിക്കുന്നതെന്ന്.. ലാഭം ഉണ്ടാക്കാൻ ഖലീൽ സാർ എന്ന മനുഷ്യൻ ശ്രമിച്ചിട്ടില്ലെന്ന് മറ്റാരേക്കാളും നന്നായി ഞാൻ അടുത്തറിഞ്ഞതാണ്. എന്നിട്ടും അദ്ദേഹം തന്റെ വിദ്യാർത്ഥികളോട് ആദ്യമായി താഴ്‌ന്ന സ്വരത്തിൽ ഒരു തുക നിങ്ങളും തരണമെന്ന് പറഞ്ഞു, അത് നമ്മുടെ ഷിഫാറത്തിന് വേണ്ടിയായിരുന്നു..
അക്കാഡമിയിലെ രക്ഷിതാക്കളും കൈകോർക്കുകയാണ്, തങ്ങൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഷിഫാറത്തിനെ രക്ഷിക്കാൻ.. അവർക്കറിയാം ഞങ്ങളുടെ മക്കളുടെ മുഖമുള്ളവനായിരിക്കും, അവനുമെന്ന്!
മൊഗ്രാൽ എന്ന നാട് കൂടി സ്‌നേഹവുമായി കൂടെ നിൽക്കുന്നതോടെ ഷിഫാറത്ത് പ്രതീക്ഷകളുടെ ശലഭച്ചിറകുകളിലേറി വീൽച്ചെയറിൽ നിന്നും പറന്ന് വരുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണെല്ലാവരും..
അവന്റെ കുടുംബം നൽകിയ മൂന്ന് ലക്ഷവും അക്കാഡമിയുടെ ആദ്യഘഡുവായ രണ്ട് ലക്ഷവും ചേർത്ത് അഞ്ച് ലക്ഷം രൂപ ആശുപത്രിയിൽ നൽകിക്കഴിഞ്ഞു. ഒക്‌ടോബർ 21ന് ചികിത്സ ആരംഭിക്കും. ഇരുപത് ലക്ഷത്തോളം രൂപ ഇനിയും ആവശ്യമായി വരും. അതിന് മുമ്പെ നിങ്ങൾ സ്വരൂപിക്കാൻ ഉദ്ദേശിക്കുന്ന തുകയുടെ കണക്ക് അക്കാഡമിയെ അറിയിക്കുമല്ലോ.. 12ന് അക്കാഡമി യൂണിയൻ ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ കൃത്യമായ കണക്ക് അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.. ഇനി അടുത്ത മാസങ്ങളിലാണ് ബാക്കി തുക വേണ്ടത്.. കൃത്യമായ ആസൂത്രണത്തോടെയല്ലാതെ മുന്നോട്ട് പോകാനാവില്ല.. വലിയൊരു ദൗത്യമാണ് നമുക്ക് മുന്നിലുള്ളത്..
ഒരു ചരിത്രത്തിലേക്കാണ് നമ്മൾ നടന്നടുക്കുന്നത്. വാർത്താ മാധ്യമങ്ങളെയും സംഘടനകളെയും ആശ്രയിക്കാതെ നാടിന്റെ ഐക്യത്തിലൂടെ ഒരു ജീവനെ വീണ്ടെടുക്കാനുള്ള, അവന്റെ കാൽപാദങ്ങൾക്ക് ചലനങ്ങൾ തിരിച്ച് കൊടുക്കാനുള്ള നിയോഗമാണ് നമ്മളിൽ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്.. ഇൻ ഷാ അല്ലാഹ്, നമുക്കതിന് കഴിയുക തന്നെ ചെയ്യും..
നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്ന തുകയുടെ വിവരങ്ങൾ ഖലീൽ മാസ്റ്റർ (9895609640), റസാഖ് മാസ്‌റ്റർ (9895041637) എന്നീ നമ്പറുകളിലൊന്നിൽ ബന്ധപ്പെടുമല്ലോ.
keywords : shifarath-kumbala-academy-fund-charity

Post a Comment
0 Comments