തിരുവനന്തപുരം (www.evisionnews.in): സ്വാശ്രയ വിഷയത്തില്‍ സഭയ്ക്കുള്ളിലെ പ്രതിഷേധം പ്രതിപക്ഷം തുടരുന്നു. ചൊവ്വാഴ്ച സഭ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭ ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ച് സഭ വിട്ടു.
ചോദ്യോത്തര വേള ആരംഭിക്കുന്നതിന് മുമ്പ് സീറ്റില്‍ നിന്നും എഴുന്നേറ്റ ചെന്നിത്തല പ്രതിപക്ഷത്തിന്റെ ഭാഗം വിശദീകരിച്ചു. മാനേജ്മെന്റ് കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ ഫീസ് കുറയ്ക്കാന്‍ തയാറാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയ ചെന്നിത്തല മുഖ്യമന്ത്രി മാനേജ്മെന്റുകളുമായി ചര്‍ച്ചയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ രണ്ട് സഹപ്രവര്‍ത്തകര്‍ നിരാഹാര സത്യാഗ്രഹം തുടരുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് സഭാ നടപടികളുമായി മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും സഭ ബഹിഷ്‌കരിക്കുകയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭ വിടുകയായിരുന്നു.
സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡനും ഷാഫി പറമ്പിലും കഴിഞ്ഞ ഏഴു ദിവസമായി നിയമസഭയില്‍ നിരാഹാരം ഇരിക്കുകയാണ്. സമരം ഒത്തുതീര്‍ക്കാന്‍ കഴിഞ്ഞ ദിവസം സ്പീക്കര്‍ ചര്‍ച്ച വിളിച്ചെങ്കിലും തീരുമാനം ആയിരുന്നില്ല. തുടര്‍ന്നാണ് ഫസല്‍ ഗഫൂര്‍ ഫീസ് കുറയ്ക്കാന്‍ തയാറാണെന്ന് അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി മറ്റു മാനേജ്മെന്റുകളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ തെളിഞ്ഞു.
ചര്‍ച്ചയില്‍ ഫസല്‍ ഗഫൂറിന്റെ പ്രസ്താവന പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമാകാതെ സമരം പിന്‍വലിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചെന്നിത്തലയെ കൂടാതെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് എം.കെ മുനീര്‍ എന്നിവരാണ് പങ്കെടുത്തത്.



Post a Comment
0 Comments