Type Here to Get Search Results !

Bottom Ad

വൈദ്യുതി ലൈനുകള്‍ കയ്യെത്തും ദൂരത്ത്: അനക്കമില്ലാതെ അധികൃതര്‍


അണങ്കൂര്‍ (www.evisionnews.in): വൈദ്യുതി ലൈനുകള്‍ കയ്യെത്തും ദൂരത്തായിട്ടും വകുപ്പ് അധികൃതര്‍ അറിഞ്ഞമട്ടില്ല. ശരിയാക്കാന്‍ ആളില്ലെന്നും ഉള്ള ജീവനക്കാര്‍ തന്നെ ജോലിഭാരം കൊണ്ടും പൊറുതിമുട്ടുന്നുവെന്നും പറഞ്ഞൊഴിയുകയാണ് അധികൃതര്‍. വൈദ്യുത വകുപ്പിന്റെ ഈ അനങ്ങാപ്പാറ നയം വലിയ അപകടങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. ഉള്‍പ്രദേശങ്ങളിലാണ് കമ്പികള്‍ അപകടക്കെണിയൊരുക്കി നില്‍ക്കുന്നത്. റോഡിന് കുറുകെ കടന്നുപോകുന്ന കമ്പികള്‍ പോലും താഴ്ന്നുകിടക്കുകയാണ്. അല്‍പ്പം ഉയരം കൂടിയവാഹനങ്ങള്‍ ഇതുവഴികടന്നു പോകുവാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. 

കമ്പികള്‍ കൂട്ടിമുട്ടി വൈദ്യുതി വിതരണ തടസപ്പെടുന്നതും അമിതപ്രവാഹമുണ്ടാകുന്നതും ഇവിടെ നിത്യസംഭവമാണ്. പലയിടത്തും കാറ്റില്‍ കമ്പികള്‍ കൂട്ടിമുട്ടാതിരിക്കാന്‍ നാട്ടുകാര്‍ തന്നെ കമ്പികളില്‍ കല്ലുകള്‍ കെട്ടിതൂക്കിയിട്ടിരിക്കുകയാണ്. നിരവധി തവണ പരാതി അധികൃതര്‍ക്ക് നേരിട്ടും ടെലഫോണ്‍ മുഖാന്തിരവും പരാതി നല്‍കിയിട്ടും ശരിയാക്കാമെന്ന് പറയുന്നതെല്ലാതെ തുടര്‍ നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അണങ്കൂര്‍, ബെദിര, വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ റോഡിന് കുറുകെയുള്ള വൈദ്യുതി കമ്പികള്‍ വരെ താഴ്ന്നു കിടക്കുകയാണ്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെ വാഹനങ്ങള്‍ കടന്നുപോകുന്ന ഈ ഭാഗങ്ങളില്‍ വൈദ്യുതി ലൈനുകള്‍ താഴ്ന്നുകിടക്കുന്നത് വന്‍ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. പലയിടത്തും ട്രാന്‍സ്ഫോര്‍മര്‍ പോലും കാടുമൂടിക്കിടക്കുകയാണ്. ചിലയിടത്ത് കമ്പി വേലികള്‍ തകര്‍ന്ന നിലയിലാണ്. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് നിരവധി തവണ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നന്നാക്കിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

റോഡരികുകളില്‍ മഴക്കാലത്ത് തഴച്ചുവളര്‍ന്ന മരച്ചില്ലകള്‍ തട്ടിയും വൈദ്യുതി മുടക്കം പതിവാകുന്നുണ്ട്. നഗരപരിധികളില്‍ വല്ലപ്പോഴും കമ്പികളില്‍ തട്ടുന്ന മരച്ചില്ലകളും വള്ളിപ്പടര്‍പ്പുകളും വെട്ടിമാറ്റുന്നുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളില്‍ ബോര്‍ഡ് അധികൃതരുടെ ശ്രദ്ധയെത്തുന്നില്ല. പലപ്പോഴും കറന്റ് പോയതായി ഓഫീസില്‍ വിളിച്ചാല്‍ പരസ്പര വിരുദ്ധമായ ഉത്തരമാണ് ലഭിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. വിളിച്ചവരോടൊക്കെ പരാതി തന്നില്ലല്ലോ, ഇത്രയും നേരം എന്താ പറയാത്തത്, ഒടുവില്‍ ജീവനക്കാരില്ലെന്നും പറഞ്ഞ് ഒഴിയുകയാണ് ചെയ്യുന്നത്. ദേഷ്യപ്പെട്ട് ഫോണ്‍കട്ട് ചെയ്യുന്നതായും പരാതിയുണ്ട്. ആവശ്യമായ ജീവനക്കാരെ നിയമിച്ച്് അടിയന്തിരമായി വൈദ്യുത ലൈനുകള്‍ ഉയര്‍ത്തിക്കെട്ടി അപകട ഭീഷിണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




Post a Comment

0 Comments

Top Post Ad

Below Post Ad