Type Here to Get Search Results !

Bottom Ad

ശമ്പളം ലഭിച്ചില്ല; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കി കാസര്‍കോട് 55 സര്‍വീസുകള്‍ മുടങ്ങി

കാസര്‍കോട്:(www.evisionnews.in) ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കി. ഒരു വിഭാഗം തൊഴിലാളികളാണ് പണിമുടക്കിയത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി സര്‍വീസ് ഭാഗികമായി മുടങ്ങി. തെക്കന്‍ ജില്ലകളില്‍ സമരം ശക്തമാണ്. പണിമുടക്കിന് ആഹ്വാനം നല്‍കാത്ത സി ഐ ടി യുവിലെ തൊഴിലാളികളും സമര രംഗത്തുണ്ട്. എറണാകുളം ആലുവ ഡിപ്പോയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു.


കാസര്‍കോട് ഡിപ്പോയിലും സമരം ശക്തമാണ്. ഇവിടെ 55 സര്‍വീസുകള്‍ റദ്ദാക്കി. മംഗളൂരു റൂട്ടില്‍ പകുതിയോളം ബസ്സുകള്‍ പണിമുടക്കിലുണ്ട്. സെപ്തംബര്‍ 30ന് ലഭിക്കേണ്ട ശമ്പളം മുടങ്ങിയതോടെയാണ് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. പകുതിയിലധികം ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ വിവിധ ഡിപ്പോകളില്‍ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം തുടരുകയാണ്.


സാധാരണഗതിയില്‍ മാസത്തിലെ അവസാന പ്രവൃത്തി ദിവസമാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നത്. എന്നാല്‍ ശമ്പളം വൈകിയതോടെ തിങ്കളാഴ്ച മുതല്‍ വിവിധ ഡിപ്പോകളില്‍ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ഉപവാസസമരം ആരംഭിച്ചിരുന്നു.


മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. വിവിധ ഡിപ്പോകളില്‍ നടക്കുന്ന ഉപവാസ സമരം ഇന്നും തുടരും. ധനകാര്യ വകുപ്പ് മന്ത്രി അടക്കമുള്ളവരുമായി ശമ്പളം വൈകുന്നതിനെ കുറിച്ച് സി.ഐ.ടിയു നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അവശേഷിക്കുന്നവര്‍ക്ക് ശമ്പളം ഉടന്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചതായി സി.ഐ.ടി.യു നേതാക്കള്‍ പറഞ്ഞു.


Keywords:KSRTC-Salary









Post a Comment

0 Comments

Top Post Ad

Below Post Ad