Type Here to Get Search Results !

Bottom Ad

വൈദ്യുതി വകുപ്പിനും കാസര്‍കോടിനോട് അവഗണന തന്നെ: കര്‍ണാടകയും കനിഞ്ഞില്ലെങ്കില്‍ കാസര്‍കോട് ഇരുട്ടിലാകും


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് എന്തേ കേരളത്തിലല്ലേ എന്ന ചര്‍ച്ച ജില്ലാ ആസ്ഥാനത്ത് മുറുകുന്നതിനിടെ സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളുടെ ക്രൂരതയേറ്റ് കാസര്‍കോട് തളരുന്നു. ഉപ്പുവെള്ളം കുടിപ്പിച്ച് ജനത്തെ വട്ടംകറക്കിച്ച സര്‍ക്കാറും ഉദ്യോഗസ്ഥരും ഇപ്പോള്‍ വൈദ്യുതി മുടക്കിയാണ് ജനങ്ങളെ വട്ടംകറക്കുന്നത്. ഇതിനെതിരെ ഒരൊറ്റ ജനപ്രതിനിധികളോ തദ്ദേശ ഭരണസ്ഥാപനങ്ങളോ മുന്നോട്ടുവരാത്തതും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

മംഗളൂരുവിന് സമീപം കൊനാജെയില്‍ വൈദ്യുതി മുടങ്ങിയാല്‍ വടക്കന്‍ മേഖലയില്‍ പതിനായിരത്തിലധികം വീടുകള്‍ ഇരുട്ടിലാവും. മൈലാട്ടി സബ്സ്റ്റേഷനില്‍ നിര്‍മാണപ്രവൃത്തി ഉണ്ടെങ്കില്‍ പണി കിട്ടുന്നതും കാസര്‍കോട്ടുകാര്‍ക്കാണ്. വൈദ്യുതി എത്തിക്കാന്‍ കെ.എസ്.ഇ.ബിക്ക് ബദല്‍ സംവിധാനമില്ലാത്തതാണ് കാരണം.

ശനിയാഴ്ച മൈലാട്ടി 220 കെ.വി. സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടന്നതിനാല്‍ കാസര്‍കോട് നഗരം ഉള്‍പ്പെടെ 20 ഫീഡറുകളിലാണ് വൈദ്യുതി മുടങ്ങിയത്. കാസര്‍കോട് 110 കെ.വി. സബ്സ്റ്റേഷനിലെ രണ്ട് ഫീഡറും മുള്ളേരിയ 110 കെ.വി. സബ്സ്റ്റേഷനിലെ ഒരു ഫീഡറും 'മിന്നിയത്' കര്‍ണാടക കനിഞ്ഞതുകൊണ്ടാണ്. എന്നാല്‍, പകല്‍ മുഴുവന്‍ നഗരത്തില്‍ വൈദ്യുതിയുണ്ടായില്ല. ടൗണ്‍ സെക്ഷന്‍ അധികൃതര്‍ മുഴുവന്‍സമയം അറ്റകുറ്റപ്പണി നടത്തിയതാണ് കാരണം. അതുകൊണ്ട് ഇടവിട്ട് ഈ ഫീഡറില്‍ കര്‍ണാടക വൈദ്യുതിയും നല്‍കിയില്ല. 

കെ.എസ്.ഇ.ബി.യും കര്‍ണാടക വൈദ്യുതി ബോര്‍ഡുമായുള്ള ധാരണ പ്രകാരം 22 മെഗാവാട്ട് വൈദ്യുതിയാണ് അതിര്‍ത്തി കടന്നെത്തുന്നത്. മഞ്ചേശ്വരം, കുബനൂര്‍ സബ്സ്റ്റേഷന്‍ പരിധിയിലെ ഏഴ് ഫീഡറുകള്‍ ഈ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. കൊനാജേയിലേക്ക് വൈദ്യുതി വരുന്നത് കാവൂര്‍, നെഗ്‌നമണ്ടൂര്‍ 220 കെ.വി. സബ്സ്റ്റേഷനില്‍നിന്നാണ്. കര്‍ണാടകയിലെ ഈ പഴയ ലൈനില്‍ തകരാര്‍ ഉണ്ടായാല്‍ മൊത്തം ഇരുട്ടിലാവും. മൈലാട്ടിയില്‍നിന്നാണ് വിദ്യാനഗര്‍, മുള്ളേരിയ സബ്സ്റ്റേഷനുകളില്‍ വൈദ്യുതി നല്‍കുന്നത്. ഇവിടെ പണി നടന്നാല്‍ സബ്സ്റ്റേഷന്‍ ഇരുട്ടിലാവും. ശനിയാഴ്ച കര്‍ണാടക വൈദ്യുതിയുടെ കുറച്ച്ഭാഗം ഈ സബ്സ്റ്റേഷനുകളിലേക്ക് എത്തിച്ചിരുന്നു. 14 മെഗാവാട്ട് കുബനൂരും മഞ്ചേശ്വരവും എടുത്തപ്പോള്‍ ആറ് മെഗാവാട്ട് മാത്രമാണ് വിദ്യാനഗറിലെത്തിയത്. അതിനാല്‍ മൂന്ന് ഫീഡറുകളില്‍ മാത്രമാണ് ഇടവിട്ട് കുറച്ച് മണിക്കൂറുകള്‍ വൈദ്യുതി നല്‍കാനായത്

ഉയര്‍ന്ന വോള്‍ട്ടേജ് ലഭിക്കാന്‍ കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് കേരളത്തിലേക്കുള്ള പുതിയ ലൈനിന്റെ നിര്‍മാണം നടക്കുകയാണ്. വിദ്യാനഗര്‍ മുതല്‍ സീതാംഗോളി വരെയുള്ള എട്ട് കിലോമീറ്റര്‍ ലൈനിന്റെ ഒന്നാം പ്രവൃത്തി പൂര്‍ത്തിയായി. പുതിയ ലൈനിന്റെ നിര്‍മാണത്തിന് 26 ടവറുകളാണ് സ്ഥാപിക്കുന്നത്. സ്വകാര്യ കമ്പനി ഏറ്റെടുത്ത പ്രവൃത്തിക്ക് 1.30 കോടി രൂപയാണ് എസ്റ്റിമേറ്റ്. സീതാംഗോളി മുതല്‍ അട്ടഗോളി വരെയുള്ള 110 കെ.വി. ലൈനിന്റെ രണ്ടാം ഘട്ടത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. മൈലാട്ടി ട്രാന്‍സ്മിഷന്‍ കണ്‍സ്ട്രക്ഷന്‍ ഡിവിഷനാണ് മേല്‍നോട്ടം. മൊത്തം 46 കിലോമീറ്ററാണ് ദൈര്‍ഘ്യം. നാലു ഘട്ടങ്ങളിലായാണ് പ്രവൃത്തി നടക്കുന്നത്.

Keywords: Kasaragod-news-kseb-electricty-mailaty

Post a Comment

0 Comments

Top Post Ad

Below Post Ad